തിരുവനന്തപുരം: പുന:സംഘടന നിര്‍ത്തിവെച്ച ഹൈക്കമാന്‍ഡ് നടപടിയില്‍ അതൃപ്തി മാറാതെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എല്ലാവരുമായും ചര്‍ച്ച നടത്തിയിട്ടും എംപിമാരുടെ പരാതി ഉണ്ടെന്ന് പറഞ്ഞ് പട്ടിക തടഞ്ഞതിലാണ് അമര്‍ഷം. നോക്കുകുത്തി ആയി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ ഇല്ലെന്നാണ് സുധാകരന്‍ എഐസിസി നേതൃത്വത്തെ അറിയിച്ചത്.
എഐസിസി പ്രതിനിധികളും സംസ്ഥാന നേതാക്കളും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സുധാകരന്‍ വഴങ്ങിയില്ല. ഇന്നും അനുനയ നീക്കം തുടരും. കെസി വേണുഗോപാലും വിഡി സതീശനും തന്നെ മറയാക്കി പാര്‍ട്ടി പിടിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സുധാകരന്റെ സംശയം. എന്നാല്‍ എംപിമാര്‍അടക്കം പരാതികള്‍ ഉന്നയിച്ചാല്‍ പരിഹരിക്കാതെ എങ്ങിനെ മുന്നോട്ട് പോകും എന്നാണ് സതീശന്റെ നിലപാട്. ഡിസിസി പുന:സംഘടനയുടെ അന്തിമകരട് പട്ടിക തയ്യാറാക്കിയിരിക്കെയാണ് സംസ്ഥാന കോണ്‍ഗ്രസ്സിലെ അസാധാരണ പോര്. ശാക്തിക ചേരികള്‍ മാറിമറഞ്ഞാണ് പാര്‍ട്ടി പൊട്ടിത്തെറിയുടെ വക്കിലേക്ക് നീങ്ങുന്നത്. അവസാന ചര്‍ച്ച നടത്തി ഹൈക്കമാന്‍ഡ് അനുമതിയോടെ പ്രഖ്യാപനം നടത്താനിരിക്കെയാണ് ദില്ലി ഇടപെടല്‍. എംപിമാരെ കേട്ടില്ലെന്നാണ് പരാതി.
ഹൈക്കമാന്‍ഡ് ഇടപെടലില്‍ കെ.സുധാകരന്‍ കടുത്ത രോഷത്തിലാണ്. എ-ഐ ഗ്രൂപ്പുകളുമായും എംപിമാരും എംഎല്‍എമാരുമായും പല വട്ടം ചര്‍ച്ച നടത്തിയെന്നാണ് സുധാകരനറെ വിശദീകരണം. പരാതിപ്പെട്ട എംപിമാരുടെ കത്ത് കൈമാറണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡണ്ട് ഹൈക്കമാന്‍ഡിനെ സമീപിച്ചു. ഓരോ എംപിയും നല്‍കിയ പേരുകള്‍ അടങ്ങിയ പട്ടിക തന്റെ പക്കലുണ്ടെന്ന് സുധാകരന്‍ പറയുന്നത്. പരാതിക്ക് പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്നും അദ്ദേഹം സംശയിക്കുന്നു.
നിയമസഭാ തെരഞ്ഞൈടുപ്പ് തോല്‍വിക്ക് ശേഷം ഒരുമിച്ച് നേതൃനിരയിലെത്തിയ സുധാകരനും സതീശനും തമ്മില്‍ ഏറെ നാളായി അകല്‍ച്ചയിലാണ്. പുനസംഘടന നിര്‍ത്തിവെച്ചതോടെ ഭിന്നത രൂക്ഷമായി. കെസി വേണുഗോപാലും വിഡി സതീശനും തന്നെ മറയാക്കി പാര്‍ട്ടി പിടിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്നാണ് സുധാകരന്റെ സംശയം. കരട് പട്ടികയില്‍ ചേര്‍ത്ത പലരുടേയും കൂറ് ഉറപ്പിക്കാന്‍ കെസി-വിഡി അനുകൂലികള്‍ ശ്രമിക്കുന്നുവെന്നും സുധാകരന് പരാതിയുണ്ട്. ഗ്രൂപ്പില്ലാതാക്കുമെന്ന് പറഞ്ഞ് പുതിയ ഗ്രൂപ്പിന് ശ്രമമെന്നാണ് ആക്ഷേപം .അതേ സമയം സുധാകരനുമായി ഒരു ഭിന്നതയും ഇല്ലെന്നാണ് സതീശന്റെ വിശദീകരണം. പുതിയ ഗ്രൂപ്പെന്ന ആക്ഷേപങ്ങളും സതീശന്‍ അനുകൂലികള്‍ തള്ളുന്നു.