ആശിച്ചു മോഹിച്ചു വാങ്ങിയ സൈക്കിള്‍ കള്ളന്‍ കൊണ്ടുപോയി; ജസ്റ്റിന് മുഖ്യമന്ത്രി പുതിയ സൈക്കിള്‍ നല്‍കി
കോട്ടയം: പിറന്നാള്‍ സമ്മാനമായി മകന് നല്‍കിയ സൈക്കിള്‍ പുതുമ മാറും മുമ്പ് പാതിരാത്രിയില്‍ കള്ളന്‍ കൊണ്ടുപോയി. ആറായിരം രൂപയായിരുന്നു സൈക്കിളിന്റെ വില. വാങ്ങിയിട്ട് മൂന്ന് മാസം. കേള്‍ക്കുമ്പോള്‍ നിസാരമെന്നു തോന്നാം. പക്ഷേ സുനീഷ് ജോസഫ് സൈക്കിളിനുള്ള പണം ഉണ്ടാക്കിയത് എങ്ങനെയെന്ന് അറിഞ്ഞിരുന്നെങ്കില്‍ കള്ളന്‍ ഒരുപക്ഷേ ശ്രമം ഉപേക്ഷിച്ചേനെ.പൈക-ചെങ്ങളം റോഡില്‍ ഇല്ലിക്കോണ്‍ ജംങ്ഷനില്‍ കൊച്ചുവീട് കണിച്ചേരില്‍ സുനീഷ് ജോസഫ് മകന്‍ ജസ്റ്റിന് പിറന്നാള്‍ സമ്മാനമായി നല്‍കിയതായിരുന്നു സൈക്കിള്‍. ജന്മനാ വൈകല്യമുള്ളയാളാണ് സുനീഷ്. ജീവിതത്തില്‍ ഇതുവരെ കസേരയില്‍ ഇരുന്നിട്ടില്ല അദ്ദേഹം. കട്ടിലില്‍ മലര്‍ന്നു കിടക്കാന്‍ പോലുമാകില്ല. കമിഴ്ന്നാണ് എപ്പോഴും കിടപ്പ്. കിടന്നുകൊണ്ടാണ് ജോലി ചെയ്യുന്നതും. അങ്ങനെ സമ്പാദിച്ച പണംകൊണ്ടാണ് സൈക്കിള്‍ വാങ്ങിയത്.
സുനീഷിന്റെ മകന്‍ ജസ്റ്റിന് ജീവനായിരുന്നു അവന്റെ സൈക്കിള്‍. സൈക്കിള്‍ കാണാതായെന്ന് സുനീഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയം ജില്ലാ കളക്ടറെ ബന്ധപ്പെടുകയും പുതിയ സൈക്കിള്‍ വാങ്ങി നല്‍കുകയും ചെയ്തു. താന്‍ വളരെയധികം സന്തോഷവാനാണെന്ന് സുനീഷ് പറഞ്ഞു.കഴിഞ്ഞ ബുധനാഴ്ചയാണ് ഉരുളികുന്നത്തെ വീട്ടില്‍ നിന്നും സൈക്കിള്‍ കള്ളന്‍ കൊണ്ടുപോയത്. സൈക്കിള്‍ ഏതെങ്കിലും ആക്രിക്കടയില്‍ കണ്ടെത്തിയാല്‍ വിളിച്ചറിയിക്കണേ എന്നായിരുന്നു സുനീഷിന്റെ അപേക്ഷ. സുനീഷിന്റെയും മകന്റെയും സങ്കടംകണ്ട മുഖ്യമന്ത്രി അതേനിറമുള്ള അതേ മോഡല്‍ പുതുപുത്തന്‍ സൈക്കിള്‍ സുനീഷിന്റെ വീട്ടിലെത്തിച്ചു.