ഇടുക്കി: കാമുകനൊപ്പം ജീവിക്കുന്നതിനായി ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍പ്പെടുത്തി ഒഴിവാക്കാന്‍ ശ്രമിച്ച ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വണ്ടന്മേട് പഞ്ചായത്തിലെ എല്‍ഡിഎഫ് അംഗം സൗമ്യ സുനില്‍ (39) ആണ് അറസ്റ്റിലായത്. ഇവര്‍ക്ക് മയക്കു മരുന്ന് എത്തിച്ചു നല്‍കിയ എറണാകുളം സ്വദേശികളായ ഷെഫിന്‍ (24), ഷാനവാസ് എന്നിവരും അറസ്റ്റിലായി. കാമുകനും വിദേശ മലയാളിയുമായ വണ്ടന്മേട് സ്വദേശി വിനോദുമായി ചേര്‍ന്നാണ് സൗമ്യ കുറ്റകൃത്യത്തിന് പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു. ഇതിനായി മാരക ലഹരി മരുന്നായ എംഡിഎംഎ ഭര്‍ത്താവിന്റെ വാഹനത്തില്‍ ഒളിപ്പിച്ചുവയ്ക്കുകയും. ഇത് പൊലീസിനെ അറിയിക്കുകയുമായിരുന്നു. തട്ടിപ്പ് വ്യക്തമായതോടെ വണ്ടന്മേട് പൊലിസാണ് സൗമ്യയെ പിടികൂടിയത്. ഇവര്‍ ഭര്‍ത്താവിനെ വാഹനം ഇടിപ്പിച്ചും വിഷം കൊടുത്തും കൊല്ലാന്‍ ഗൂഡാലോചന നടത്തിയിരുന്നെന്നും പൊലീസ് പറയുന്നു.
ഫെബ്രുവരി 22ന് സൗമ്യയുടെ ഭര്‍ത്താവ് സുനില്‍ വര്‍ഗീസിന്റെ വാഹനത്തില്‍ നിന്ന് വണ്ടന്‍മേട് പോലീസും ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ ടീം അംഗങ്ങളും ചേര്‍ന്ന് എംഡിഎംഎ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനത്തിന്റെ ഉടമയായ സുനില്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നതായോ വില്‍പ്പന നടത്തുന്നതായോ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണം നടത്തി. സുനിലിനെ ഒഴിവാക്കുന്നതിനായി ഭാര്യ സൗമ്യ കാമുകനായ വിദേശ മലയാളി വിനോദും വിനോദിന്റെ സുഹൃത്ത് ഷാനവാസും മറ്റും ചേര്‍ന്ന് നടത്തിയ പദ്ധതിയായിരുന്നു ഇതിനു പിന്നിലെന്ന് തുടരന്വേഷണത്തില്‍ വ്യക്തമായി.
ഭര്‍ത്താവ് സുനില്‍ നിന്നും അകന്നുകഴിഞ്ഞിരുന്ന സൗമ്യ, ഭര്‍ത്താവിനെ ഒഴിവാക്കുന്നതിനാണ് കാമുകനൊപ്പം ചേര്‍ന്ന് പദ്ധതി ആസൂത്രണം നടത്തിയതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ 18 ന് വിനോദും വിനോദിന്റെ സുഹൃത്ത് ഷാനവാസും ചേര്‍ന്ന് വണ്ടന്‍മേട് ആമയറ്റില്‍ വച്ച് മയക്കുമരുന്ന് കൈമാറിയത്. ഇത് സൗമ്യ, സുനിലിന്റെ ഇരുചക്ര വാഹനത്തില്‍ വച്ചശേഷം വാഹനത്തിന്റെ ഫോട്ടോ കാമുകന് അയച്ച് കൊടുത്തു. ഇയാള്‍ വിദേശത്തിരുന്ന്, വാഹനത്തില്‍ മയക്കുമരുന്ന് കടത്തുന്നെന്ന വിവരം പൊലീസിന് കൈമാറി. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് സുനിലിനെ എംഎഡിഎംഎയുമായി അറസ്റ്റ് ചെയ്യുന്നത്.
സുനിലിനെ കൊലപ്പെടുത്താനായിരുന്നു ആദ്യം ഇവര്‍ തീരുമാനിച്ചത്. കൊച്ചിയിലെ ക്വ്ട്ടേഷന്‍ ടീമുകളെ ഇതിനായി സമീപിക്കാനായിരുന്നു നീക്കമെങ്കിലും പിടിക്കപ്പെടുമെന്ന് ഭയന്ന് ഇതില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഒരു വര്‍ഷമായി സൗമ്യയും കാമുകനായ വിനോദും അടുപ്പത്തിലായിരുന്നു. വിദേശത്തു നിന്നും സൗമ്യയെ കാണുന്നതിനായി വിനോദ് ഇടക്കിടെ വന്നു പോകാറുണ്ട്. ഒരു മാസം മുന്‍പ് എറണാകുളത്ത് ആഡംബര ഹോട്ടലില്‍ റൂം എടുത്ത് രണ്ട് ദിവസം താമസിച്ചാണ് ഇരുവരും സുനിലിനെ ഒഴിവാക്കുന്നതിനായി ഗൂഡാലോചന നടത്തിയത്. പദ്ധതി പ്രകാരം 18 -ാം തിയതി സൗമ്യയ്ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയ ശേഷം വിനോദ് വിദേശത്തേക്ക് തന്നെ കടന്നു. ഇയാളെ തിരികെ വിളിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കേസില്‍ സൗമ്യയും മയക്കുമരുന്ന് എത്തിച്ച ഷാനവാസും ഷെഫിന്‍ഷായും അറസ്റ്റിലായി. ഷാനവാസും ഷെഫിന്‍ഷായും ചേര്‍ന്നാണ് 45,000 രൂപ വിലവാങ്ങി വിനോദിന് മയക്കുമരുന്ന് നല്‍കിയതെന്നും പൊലീസ് പറഞ്ഞു.