തിരുവനന്തപുരം: എഐ ക്യാമറ ഇടപാടിലെ തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മില്‍ ബന്ധമുണ്ടെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ ബന്ധം വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഭരണത്തില്‍ ബെനാമികളും വന്‍കിടക്കാരും അരങ്ങുതകര്‍ക്കുന്നു. അവരാണ് ഭരണം നിയന്ത്രിക്കുന്നത്. മന്ത്രിമാര്‍ക്ക് സ്വാതന്ത്ര്യമില്ല. അധികാരം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്നു. ഐഎഎസുകാരെ നിയമിക്കാനുള്ള സ്വാതന്ത്ര്യമടക്കം മുഖ്യമന്ത്രിയിലേക്ക് കേന്ദീകരിക്കുന്നു. ഒരേ പാറ്റേണിലുള്ള അഴിമതിയാണ് കേരളത്തില്‍ നടക്കുന്നത്. സ്പ്രിംക്ലര്‍ മുതലുള്ള അഴിമതികള്‍ ഒരേ പാറ്റേണിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
എഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ലജ്ജാകരമാണ്. താനുന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും ശരിയെന്ന് തെളിഞ്ഞു. ആരോപണങ്ങള്‍ കെല്‍ട്രോണിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് വ്യവസായ മന്ത്രി പി രാജീവ് ശ്രമിച്ചത്. തോമസ് ഐസക് ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് കെല്‍ട്രോണ്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ മുന്‍നിര്‍ത്തി വന്‍കിട പദ്ധതികള്‍ നടത്തരുതെന്ന് ഉത്തരവുണ്ട്. അതെല്ലാം കാറ്റില്‍പ്പറത്തി.
എഐ ക്യാമറ സ്ഥാപിക്കാനുള്ള ചുമതല കെല്‍ട്രോണിനെ ഏല്‍പ്പിച്ചത് പൊതുമേഖലാ സ്ഥാപനമായത് കൊണ്ടാണ്. കെല്‍ട്രോണ്‍ എസ്ആര്‍ഐടി ടെണ്ടര്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗുജറാത്ത് ഇന്‍ഫോടെകിനെ ക്വാളിഫിക്കേഷന്‍ ഇല്ലെന്ന് പറഞ്ഞ് ടെണ്ടറില്‍ നിന്ന് തള്ളി. അക്ഷര ഇന്‍ഫോടെക്, അശോക ഇന്‍ഫോടെക്, എസ്ആര്‍ഐടിയും പങ്കെടുത്തു. ഈ മൂന്ന് കമ്പനികളും പരസ്പരം ബന്ധമുള്ള കമ്പനികളാണ്. എസ്ആര്‍ഐടിക്ക് കരാര്‍ കിട്ടാനുള്ള ഇടപെടലാണ് മറ്റുള്ളവര്‍ നടത്തിയത്. കെല്‍ട്രോണ്‍ കണ്‍സള്‍ട്ടന്റാണ്. അവര്‍ക്ക് പര്‍ച്ചേസ് പാടില്ലെന്നും ചെന്നിത്തല പറഞ്ഞു.
സ്വന്തമായി പണം മുടക്കാനില്ലാത്ത, ടെക്‌നിക്കല്‍ ക്വാളിഫിക്കേഷന്‍ ഇല്ലാത്ത കമ്പനിക്ക് എന്തിനാണ് കെല്‍ട്രോണ്‍ കരാര്‍ കൊടുത്തതെന്ന് അദ്ദേഹം ചോദിച്ചു. 86 കോടിക്ക് തീരാവുന്ന പദ്ധതിയാണ് ഉയര്‍ന്ന തുകയ്ക്ക് കരാര്‍ കൊടുത്തത്. സ്വകാര്യ കമ്പനികള്‍ക്ക് കൊള്ളയടിക്കാനുള്ള അവസരം ഉണ്ടാക്കി. രണ്ട് തവണ മന്ത്രിസഭ ചട്ടലംഘനം കണ്ടെത്തി മാറ്റിവെച്ച പദ്ധതിയാണിത്. മൂന്നാമത്തെ തവണ മോട്ടോര്‍ വാഹന വകുപ്പ് സെക്രട്ടറിയുടെ ശുപാര്‍ശയുണ്ടെന്ന് പറഞ്ഞ് മന്ത്രിസഭ അനുമതി കൊടുത്തു. ജനകീയ സര്‍ക്കാരിന് ഒരിക്കലും അംഗീകരിച്ച് കൊടുക്കാന്‍ പാടില്ലാത്തതാണിതെന്നും അദ്ദേഹം പറഞ്ഞു.