ദില്ലി: യുക്രൈനിലെ കാര്‍ഖീവില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നാടിന്റെ സുരക്ഷിതത്വത്തിലേക്ക്. ഇന്ന് രാവിലെ യുക്രൈയിനില്‍ നിന്നുള്ള ഒരു വിമാനം കൂടി ദില്ലിയില്‍ എത്തി. 229 പേരുമായി ഇന്‍ഡിഗോ വിമാനമാണ് തിരികെയെത്തിയത്. കാര്‍ഖീവില്‍ സ്ഥിതിഗതികള്‍ വളരെ മോശമാണെന്ന് തിരികെയെത്തിയ വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.
''കാര്‍ഖീവ് അടക്കമുള്ള സ്ഥലങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ കുടുങ്ങി കിടക്കുകയാണ്. പലര്‍ക്കും ഭക്ഷണവും വെള്ളവുമില്ല. അവര്‍ക്ക് അടിയന്തര സഹായം നല്‍കണം. അതിര്‍ത്തി കടക്കുന്നത് വരെ തങ്ങള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ ഒരു സഹായവും ലഭിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മറ്റ് രാജ്യങ്ങളിലെ എംബസികള്‍ വിദ്യാര്‍ത്ഥികളോട് ഒഴിയാന്‍ ആവശ്യപ്പെട്ടെങ്കിലും ഇന്ത്യയുടെ നിര്‍ദേശം വൈകി. ബങ്കറുകളില്‍ ഭക്ഷണം പോലുമില്ലാതെ കഴിയേണ്ടി വന്നു. കാര്‍ഖീവില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ലിവീവില്‍ എത്താനായതോടെയാണ് രക്ഷപ്പെടാന്‍ കഴിഞ്ഞത്.
ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുമായി 50തിലേറെ വിമാനങ്ങളാണ് രാജ്യത്തെത്തിയത്. ഇന്ന് ഇതുവരെ ദില്ലിയില്‍ 130 മലയാളി വിദ്യാര്‍ത്ഥികള്‍ എത്തി. വ്യോമസേനയുടെ വിമാനങ്ങളില്‍ ഇതുവരെ തിരികെ എത്തിയത് 2056 ഇന്ത്യക്കാരാണ്. 26 ടണ്‍ സഹായ സാധന സമഗ്രികള്‍ യുക്രൈനായി അയല്‍ രാജ്യങ്ങളില്‍ എത്തിച്ചെന്നും വ്യോമസേന വ്യക്തമാക്കി. അതേ സമയം, ഇന്ത്യക്കാരടക്കം വിദേശത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളെ യുക്രൈന്‍ ബന്ദിയാക്കുന്നു എന്ന ആരോപണം യുഎന്‍ രക്ഷാസമിതിയിലും റഷ്യ ആവര്‍ത്തിച്ചു. സുമിയിലും കാര്‍ക്കിവിലും ഇത്തരം സംഭവങ്ങളാണ് അരങ്ങേറുന്നതെന്നും റഷ്യ ആരോപിച്ചു. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കടന്നുപോകാന്‍ സുരക്ഷിത പാത ഒരുക്കണമെന്ന് റഷ്യ യുക്രൈനോട് ആവശ്യപ്പെട്ടു.
അതേസമയം, വെടിനിര്‍ത്തണമെന്ന ആവശ്യം ഇന്ത്യ ആവര്‍ത്തിച്ചു. ഈ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരാനാകുന്നില്ല. താല്‍ക്കാലികമായെങ്കിലും വെടിനിര്‍ത്തല്‍ ആവശ്യം പരിഗണിക്കണമെന്ന് ഇന്ത്യ റഷ്യയോടും യുക്രെയ്‌നോടും ആവശ്യപ്പെട്ടു. റഷ്യ ഏര്‍പ്പെടുത്തിയ യാത്രാ സൗകര്യം പ്രയോജനപ്പെടുന്നില്ലെന്നും ഒഴിപ്പിക്കാനായി നല്‍കിയ ബസുകള്‍ക്ക് വിദ്യാര്‍ത്ഥികളുടെ അടുത്തെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇന്ത്യ അറിയിച്ചു.