കോഴിക്കോട്ടെ വഖഫ് സമ്മേളനം; മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരെ കേസ്
കോഴിക്കോട്: വഖഫ് സംരക്ഷണ റാലിയില്‍ പങ്കെടുത്ത മുസ്ലിം ലീഗ് നേതാക്കള്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് ബീച്ചില്‍ ഈ മാസം 9 ന് നടന്ന വഖഫ് സമ്മേളനത്തില്‍ പങ്കെടുത്ത ലീഗ് നേതാക്കള്‍ക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, ഗതാഗത തടസ്സം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വെള്ളയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് വഖഫ് സംരക്ഷണ സമ്മേളനം നടത്തിയത്. വിവിധ ജില്ലകളില്‍ നിന്നായി എത്തിയ പതിനായിരക്കണക്കിന് പ്രവര്‍ത്തകരാണ് കോഴിക്കോട് കടപ്പുറത്തെ സമ്മേളനത്തില്‍ പങ്കെടുത്തത്. ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ എംഎല്‍എ, ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി എം എ സലാം, തമിഴ്‌നാട് വഖഫ് ബോര്‍ഡ് ചെയര്‍മാനും തമിഴ്‌നാട് മുസ്‌ലിം ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റുമായ എം അബ്ദുറഹ്‌മാന്‍, പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, കെപിഎ മജീദ് എംഎല്‍എ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, കെ എം ഷാജി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, അബ്ദുറഹ്‌മാന്‍ കല്ലായി, പി കെ ഫിറോസ്, എം സി മായിന്‍ഹാജി തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
അതേസമയം, പൊലീസ് നടപടിക്കെതിരെ വിമര്‍ശനവുമായി എം കെ മുനീര്‍ രംഗത്തെത്തി. ലീഗ് നേതൃത്വം പ്രതീക്ഷിക്കാത്ത ജനസഞ്ചയമാണ് കോഴിക്കോട് എത്തിയത്. ലീഗ് ഇത്രയധികം ആളുകള്‍ എത്തണമെന്ന് ആഹ്വാനം ചെയ്തിട്ടില്ല. കമ്മീഷണറോട് സംസാരിച്ചാണ് മാര്‍ച്ചിന്റെ റൂട്ടടക്കം തീരുമാനിച്ചത്. എന്നിട്ട് പൊലീസ് പെര്‍മിഷന്‍ ഇല്ലെന്ന് പറയുന്നത് ശരിയല്ലെന്ന് എം കെ മുനീര്‍ പ്രതികരിച്ചു.