മലപ്പുറം: കേരളത്തിലെ പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. 97 വയസായിരുന്നു. ശ്വാസ കോശത്തിലെ അണുബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഈ മാസം ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 1925 സെപ്തംബര്‍ 13ന് പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായാണ് വാസുദേവന്‍ നമ്പൂതിരിയുടെ ജനനം.
വരയും പെയിന്റിങ്ങും ശില്‍പ്പവിദ്യയും കലാസംവിധാനവും ഉള്‍പ്പെടെ കൈവച്ച മേഖലകളിലെല്ലാം ആര്‍ട്ടിസ്റ്റ് നമ്പൂതിരി ശോഭിച്ചു. പുരസ്‌കാരത്തിളക്കത്തിലും അംഗീകാര നിറവിലും ഭാവഭേദമില്ലാതെ കര്‍മനിരതനായി നമ്പൂതിരി രേഖാ ചിത്രങ്ങളുടെ പേരില്‍ പ്രശസ്തനായിരുന്നു. അറിയപ്പെടുന്ന ശില്പിയുമായിരുന്നു. വരയുടെ പരമശിവന്‍ എന്നാണ് വികെഎന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ വിശേഷിപ്പിച്ചിരുന്നത്. തകഴി, എംടി. ബഷീര്‍, പൊറ്റക്കാട് തുടങ്ങിയവരുടെ കൃതികള്‍ക്കായി അദ്ദേഹം ചിത്രങ്ങള്‍ വരച്ചു. എംടിയുടെ രചനകള്‍ക്ക് നമ്പൂതിരി വരച്ച ചിത്രങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. മോഹന്‍ലാല്‍ അടക്കമുള്ള പ്രമുഖര്‍ നമ്പൂതിരിയുടെ ആരാധകരാണ്. മോഹന്‍ലാലിന്റെ ആവശ്യപ്രകാരം, ശങ്കരാചാര്യരുടെ സൗന്ദര്യലഹരി അടിസ്ഥാനമാക്കി വരച്ച പെയ്ന്റിങ് ഏറെ പ്രശസ്തമാണ്.
രണ്ടാമൂഴത്തിലെ ദ്രൗപദിയും മറ്റു കഥാപാത്രങ്ങളും ഏറെ പ്രശംസ നേടിയ വരകളാണ്. കേരളീയ ചിത്രകലയ്ക്ക് പുതിയ മാനം നല്‍കിയ പ്രതിഭാശാലിയായിരുന്നു നമ്പൂതിരി. വരയിലും പെയിന്റിങ്ങിലും ശില്‍പ്പവിദ്യയിലും ഒരുപോലെ അദ്ദേഹം കഴിവുതെളിയിച്ചു. അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത സിനിമകളുടെ കലാസംവിധായകനായും പ്രവര്‍ത്തിച്ചിരുന്നു.രാജാ രവിവര്‍മ്മാ പുരസ്‌കാരം നേടിയ ആര്‍ട്ടിസ്റ്റ് നമ്പൂതിരി കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.
മദ്രാസ് ഫൈന്‍ ആര്‍ട്‌സ് കോളജില്‍ നിന്നും ചിത്രകല പഠിച്ച ആര്‍ട്ടിസ്റ്റ് നമ്പൂതിരി 1960-ല്‍ മാതൃഭൂമിയില്‍ രേഖാ ചിത്രകാരനായതോടെ പ്രശസ്തിയാര്‍ജിച്ചു. വിവിധ പ്രസിദ്ധീകരണങ്ങളില്‍ ആയിരക്കണക്കിനു രേഖാചിത്രങ്ങള്‍ അദ്ദേഹം വരച്ചിട്ടുണ്ട്.'നമ്പൂതിരിച്ചിത്രംപോലെ സുന്ദരം' എന്ന ശൈലി തന്നെ മലയാളത്തില്‍ ഉണ്ടായിരുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തോടെ മുക്കാല്‍ നൂറ്റാണ്ട് ചിത്രകലയില്‍ നിറഞ്ഞുനിന്ന വരയുടെ ലാളിത്യമാണ് വിട വാങ്ങുന്നത്.