വിഴിഞ്ഞം സമരം, ആക്രമണം; ഇതുവരെ 168 കേസുകള്‍, 1000ത്തോളം പ്രതികള്‍



തിരുവനന്തപുരം : വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ആക്രമണ കേസുകളില്‍ പ്രതികളായ 1000 ത്തോളം പേരെ തിരിച്ചറിഞ്ഞു. വിലാസം ഉള്‍പ്പെടെ പട്ടിക തയ്യാറാക്കി. സ്ത്രീകള്‍ ഉള്‍പ്പെടെയാണ് തിരിച്ചറിഞ്ഞത്. 168 കേസുകളാണ് ഇതേ വരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡിഐജി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിഴിഞ്ഞം കേസ് അന്വേഷിക്കുന്നത്. ഡിസിപി ലാല്‍ജിയുടെ നേതൃത്വത്തില്‍ ക്രൈം കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘവുമുണ്ട്. തിരിച്ചറിയാന്‍ പറ്റുന്ന പ്രതികളുടെ പട്ടിക വിലാസം ഉള്‍പ്പെടെ ഈ സംഘം തയ്യാറാക്കിയിട്ടുണ്ട്. ഒരു വ്യക്തി തന്നെ ഒന്നിലധികം കേസുകളില്‍ ഉള്‍പ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. 

പൊലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. ഇനി ഉന്നത തലത്തില്‍ നിന്ന് അനുമതി ലഭിച്ചാല്‍ അറസ്റ്റുമായി മുന്നോട്ടുപോകും. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നടത്തുന്ന സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ ഓരോ ദിവസവും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. എസ്പിമാര്‍, ഡിവൈഎസ്പിമാര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എസ്‌ഐമാര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിലുള്ളത്. വിഴിഞ്ഞത്ത് പൊലീസ് പ്രത്യേക കണ്‍ട്രോള്‍ റൂം തുടങ്ങി. പൊലിസ് ടെന്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. 

ഇതിനിടെ വിഴിഞ്ഞം അക്രമത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. വിഴിഞ്ഞം സ്വദേശിയായ മുന്‍ ഡിവൈഎസ്പിയാണ് ഹൈക്കോടതിയെ സമീപിച്ചത്.ആക്രമണത്തില്‍ ഗൂഢാലോചന ഉള്‍പ്പടെ പുറത്ത് കൊണ്ട് വരണമെന്നാണ് ആവശ്യം.പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പ്രതികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം.ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനും ഡിജിപിക്കും നിര്‍ദേശം നല്‍കണം. സര്‍ക്കാരിന് സാധിച്ചില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെയോ കേന്ദ്രസേനയുടെയോ സഹായം തേടാന്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരം സര്‍ക്കാരിന് വെല്ലു വിളി ആയിരിക്കെ സമരത്തോട് സ്വീകരിക്കേണ്ട നയസമീപനം സിപിഎമ്മില്‍ ചര്‍ച്ചയായേക്കും. ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം വിശദമായി പരിഗണിച്ചേക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഘര്‍ഷവും മന്ത്രി വി.അബ്ദുറഹ്മാനെതിരെ ലത്തീന്‍ അതിരൂപത വൈദികന്‍ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ പരാമര്‍ശവും ചര്‍ച്ചയായേക്കും. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media