എമ്പുരാന്‍: ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍, 'വിവാദ രംഗങ്ങള്‍ നീക്കും'
 



എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദമുണ്ടായിരുന്നു. ചിത്രത്തില്‍ നിന്ന് ചില വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചു കഴിഞ്ഞുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

മോഹന്‍ലാലിന്റെ കുറിപ്പ് ഇങ്ങനെ:
ലൂസിഫര്‍' ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ 'എമ്പുരാന്‍' സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്. അതുകൊണ്ടു തന്നെ എന്റെ പ്രിയപ്പെട്ടവര്‍ക്ക്  ഉണ്ടായ മനോവിഷമത്തില്‍ എനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട്, ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍  ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു. 

കഴിഞ്ഞ നാല് പതിറ്റാണ്ട്  നിങ്ങളിലൊരാളായാണ് ഞാന്‍ എന്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്‌നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതില്‍ കവിഞ്ഞൊരു മോഹന്‍ലാല്‍ ഇല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.

എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെയാണ് തിയറ്ററുകളില്‍ എത്തുക. ആദ്യ മുപ്പത് മിനിറ്റില്‍ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങള്‍ കുറയ്ക്കും. കേന്ദ്ര സര്‍ക്കാരിന് എതിരായവരെ ദേശീയ ഏജന്‍സി കേസില്‍ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തും. ബാബ ബജ്രംഗി എന്ന വില്ലന്റെ പേര് മാറ്റാന്‍ ആലോചന ഉണ്ടെങ്കിലും സിനിമയില്‍ ഉടനീളം ആവര്‍ത്തിക്കുന്ന ഈ പേര് മാറ്റാന്‍ സാധിക്കുമോ എന്ന കാര്യം വ്യക്തമല്ല.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media