കയറ്റുമതി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 24 ണണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ലൈന്‍ സംവിധാനമൊരുക്കും: കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍
ദില്ലി: കയറ്റുമതി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സഹായത്തിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ലൈന്‍ സംവിധാനം ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയത്തിനായുള്ള അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ബ്രാന്‍ഡ് ഇന്ത്യ' എന്നതിനെ ഗുണനിലവാരം, ഉല്‍പാദനക്ഷമത, ഇന്നോവേഷന്‍ എന്നിവയുടെ പ്രതിനിധിയാക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പീയുഷ് ഗോയല്‍ പറഞ്ഞു. ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ആസാദി കാ അമൃത് മഹോത്സവ് പരിപാടികള്‍ക്ക് ഇന്ന് തുടക്കമായി.
കയറ്റുമതി രംഗത്ത് ഇന്ത്യ വന്‍ മുന്നേറ്റമാണ് പ്രകടിപ്പിക്കുന്നത്. ഇന്ത്യയുടെ കയറ്റുമതി 45.76 ശതമാനം ഉയര്‍ന്ന് ഓഗസ്റ്റില്‍ 33.28 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസം ഇത് 22.83 ബില്യണ്‍ ഡോളറായിരുന്നു.
ഇറക്കുമതി 51.72 ശതമാനം ഉയര്‍ന്ന് 47.09 ബില്യണ്‍ ഡോളറിലെത്തി. ഓഗസ്റ്റിലെ വ്യാപാരക്കമ്മി 13.81 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസം ഇത് 8.2 ബില്യണ്‍ ഡോളറായിരുന്നു.
2021 ഏപ്രില്‍-ഓഗസ്റ്റ് കാലയളവിലെ കയറ്റുമതിയുടെ മൊത്തം മൂല്യം 67.33 ശതമാനം ഉയര്‍ന്ന് 164.10 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത് 98.06 ബില്യണ്‍ ഡോളറായിരുന്നു. 2021 ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ ഇറക്കുമതി 219.63 ബില്യണ്‍ യുഎസ് ഡോളറാണ്. പോയ വര്‍ഷം ഇത് 121.42 ബില്യണ്‍ യുഎസ് ഡോളറായിരുന്നു.
വ്യാവസായിക വളര്‍ച്ചയില്‍ ഉത്തര്‍പ്രദേശ് പ്രശംസനീയമായ പുരോഗതി കൈവരിച്ചു. സാമൂഹ്യ മേഖലകളിലെ പരിഷ്‌കാരങ്ങള്‍ വികസനത്തെ ആരോഗ്യകരമാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു