കാസര്‍കോട്: സംസ്ഥാനത്ത് കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിനിടയിലും സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് മാറ്റമില്ല. സംസ്ഥാനം ജില്ലാ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങളിലേക്ക് നീങ്ങുമ്പോള്‍ കാസര്‍ക്കോട്ടും തൃശ്ശൂരിലും സിപിഎം സമ്മേളനങ്ങള്‍ ഇന്ന് ആരംഭിക്കുകയാണ്. വിമര്‍ശനങ്ങളുയരുമ്പോഴും സമ്മേളം നടത്തുമെന്ന നിലപാടിലാണ് സിപിഎം ജില്ലാ നേതൃത്വങ്ങള്‍. കാസര്‍കോട് 185 പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. തൃശൂരില്‍ 175 പേരെ പങ്കെടുപ്പിച്ച് പ്രതിനിധി സമ്മേളനം നടത്താനാണ് തീരുമാനം. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലാണ് ഇത്രയേറെപ്പേരെ സംഘടിപ്പിച്ച് സമ്മേളനം നടത്തുന്നത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തന്നെ സമ്മേളനം നടത്തുമെന്ന് സിപിഎം കാസര്‍കോട് ജില്ലാ സെകട്ടറി എംവി ബാലകൃഷ്ണന്‍ അറിയിച്ചു. ലോക്‌ഡൌണ്‍ ദിനമായ ഞായറാഴ്ച നടപടിക്രമങ്ങള്‍ പെട്ടെന്ന് അവസാനിപ്പിക്കാനാണ് തീരുമാനമെന്നും സിപിഎം അറിയിച്ചു. ജില്ലാ സമ്മേളനത്തിന് മാറ്റമില്ലെന്നും ലോക്ക് ഡൗണ്‍ ദിവസമായ ഞായറാഴ്ചത്തെ സമ്മേളന നടത്തിപ്പ് എങ്ങനെയാകണമെന്ന് പിന്നീട് തീരുമാനിക്കുമെന്നാണ് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് അറിയിച്ചത്. അന്നത്തെ സാഹചര്യം അനുസരിച്ചായിരിക്കും തീരുമാനമെന്നും സമ്മേളന സ്ഥലത്ത് കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുമെന്നും ജില്ലാ സെക്രട്ടറി വിശദീകരിക്കുന്നു.
അതിനിടെ കാസര്‍കോട് ജില്ലയില്‍ പൊതുപരിപാടി നിരോധന ഉത്തരവ് പിന്‍വലിച്ചത് വിവാദത്തിലായി. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36 ന് മുകളിലുള്ള കാസര്‍ക്കോട് പൊതുപരിപാടികള്‍ വിലക്കിയുള്ള ഉത്തരവിട്ട് രണ്ട് മണിക്കൂറിനകമാണ് ജില്ലാ കലക്ടര്‍ പിന്‍വലിച്ചത്. സിപിഎം ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കളക്ടര്‍ ഉത്തരവ് പിന്‍വലിച്ചതെന്ന ആക്ഷേപം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സമ്മര്‍ദ്ദമില്ലെന്നും പ്രോട്ടോക്കോള്‍ മാറിയതിനാലാണ് ഉത്തരവ് പിന്‍വലിച്ചതെന്നുമാണ് കളക്ടര്‍ നല്‍കുന്ന വിശദീകരണം.