'ആഗോള പൗരനാണെങ്കിലും കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല';തരൂരിനെതിരെ ഉണ്ണിത്താന്‍
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച സംഭവത്തിലും കെ റെയില്‍ വിഷയത്തിലെ കെപിസിസി തീരുമാനത്തിനെതിരായ നിലപാടിലും ശശി തരൂരിനെതിരെ (ആഞ്ഞടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ആഗോള പൗരനാണെങ്കിലും കാര്യങ്ങള്‍ തിരിച്ചറിയാന്‍ ശശി തരൂരിന് കഴിയുന്നില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു. അടുത്ത തവണ തരൂര്‍ മത്സരിക്കാനിറങ്ങിയാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളില്‍ ചാഞ്ഞാല്‍ വെട്ടി കളയണം. ശശി തരൂര്‍ നിലപാട് തിരുത്തണം. കൊലക്കേസില്‍ പ്രതിയാക്കാന്‍ സിപിഎം കിണഞ്ഞ് ശ്രമിച്ചപ്പോള്‍ ശശി തരൂരിന് ഒപ്പം നിന്നത് കോണ്‍ഗ്രസാണ് എന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
കെ. റെയില്‍ വിവാദത്തിലും ശശി തരൂരും കെപിസിസിയും തമ്മില്‍ ഉരസലുകളുണ്ടായിട്ടുണ്ട്. കെപിസിസിയുടെ ഭീഷണി ശശി തരൂര്‍ തള്ളിയിരുന്നു. ജനാധിപത്യത്തില്‍ തത്ത്വാധിഷ്ഠിത നിലപാടുകള്‍ക്ക് സ്ഥാനമുണ്ടെന്നും മുഖ്യമന്ത്രിയുടെ അനൂകൂലിയായി തന്നെ ചിത്രീകരിക്കാന്‍ നീക്കമെന്നുമാണ് തരൂര്‍ തിരിച്ചടിച്ചത്. രാഷ്ട്രീയക്കാര്‍ പാവ്‌ലോവിന്റെ നായ്ക്കള്‍ ആകരുതെന്നും തരൂര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ എഴുത്തിയ ലേഖനത്തില്‍ വ്യക്തമാക്കി. കെ റെയില്‍ വിഷയത്തില്‍ യുഡിഎഫ് എംപിമാര്‍ നല്കിയ നിവേദനത്തില്‍ ഒപ്പിടാത്തതിനെ നേരത്തെ ശശി തരൂര്‍ ന്യായീകരിച്ചിരുന്നു. എന്നാല്‍ തരൂരിനെ തള്ളി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരുനും രംഗത്തു വന്നു. തരൂരിനോട് വിശദീകരണം തേടാനും കെപിസിസി തീരുമാനിച്ചു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലൂടെ തരൂര്‍ കെപിസിസിയുടെ മുന്നറിയിപ്പ് തള്ളിക്കളയുകയാണ് ചെയ്തത്.
കെ റെയില്‍ വിഷയത്തില്‍ ഒരു പാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാനുണ്ട്. ഇത് കിട്ടിയ ശേഷം നിലപാട് എടുക്കാം എന്നാണ് താന്‍ പറഞ്ഞത്. ലുലു മാള്‍ ഉദ്ഘാടനത്തില്‍ വ്യവസായങ്ങള്‍ക്ക് മുഖ്യമന്ത്രി നല്ല സന്ദേശം നല്കിയതിനെയാണ് പുകഴ്ത്തിയത്. രണ്ടു കാര്യങ്ങളും തെറ്റായി വ്യഖ്യാനിച്ച് മുഖ്യമന്ത്രിയുടെ അനുകൂലി ആയി തന്നെ മാറ്റുന്നു എന്ന് തരൂര്‍ തിരിച്ചടിച്ചു. ജനാധിപത്യത്തില്‍ എല്ലാം കറുപ്പും വെളുപ്പും അല്ല. ജവഹര്‍ലാല്‍ നെഹ്‌റുവും എതിര്‍പക്ഷത്തിന് ഇടം നല്കിയിരുന്നു. കടുത്ത എതിരാളികള്‍ക്കിടയില്‍ പോലും പൊതു ഇടം കണ്ടെത്താന്‍ ശ്രമിച്ച യുഎന്നിലെ പരിചയം തരൂര്‍ എടുത്തു കാട്ടുന്നു. എന്നാല്‍ ഇപ്പോഴത്തെ രാഷ്ട്രീയം അതെ അല്ല എന്ന വാക്കുകളില്‍ കറങ്ങുന്നു. തന്നെ എതിരാളികളുടെ അനുകൂലിയായി ചിത്രീകരിക്കാന്‍ നേരത്തെയും ശ്രമം നടന്നിരുന്നു എന്നും തരൂര്‍ പറഞ്ഞിരുന്നു.