ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം കനക്കുന്നതിനിടെ, പാകിസ്താനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ സലാല്‍ അണക്കെട്ട് തുറന്നുവിട്ട് ഇന്ത്യ. മൂന്നു ഷട്ടറുകളാണ് വ്യാഴാഴ്ച തുറന്നത്. കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പുയര്‍ന്നതുകൊണ്ടാണ് ഷട്ടറുകള്‍ തുറന്നതെന്ന് അധികൃതര്‍ പറഞ്ഞു. പാക് പഞ്ചാബ് പ്രവിശ്യയിലെ കര്‍ഷകരുടെ പ്രധാന ജലസ്രോതസ്സാണ് ചെനാബ്. ഹിമാചല്‍പ്രദേശില്‍നിന്ന് തുടങ്ങി ജമ്മു-കശ്മീരിലൂടെ ഒഴുകി പാക് പഞ്ചാബ് പ്രവിശ്യയിലേക്ക് കടക്കുന്ന നദി പിന്നീട് സത്ലജ് നദിയില്‍ ചേരും. പാകിസ്താനിലെ തണ്ട, ജലാല്‍പ്പുര്‍, ക്വാദിറാബാദ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ നദിയുമായി അടുത്തിടപെടുന്നു. ഇതില്‍നിന്നുള്ള വെള്ളം ഒട്ടേറെ കനാലുകളിലൂടെ രവി നദിയിലേക്കും എത്തിക്കുന്നുണ്ട്. അപ്രതീക്ഷിതമായി ജലനിരപ്പുയര്‍ന്നാല്‍ നദീതീരത്ത് താമസിക്കുന്നവരെ ബാധിക്കും. വ്യാഴാഴ്ച രാവിലെ ബഗ്ലിഹാര്‍ അണക്കെട്ടിലെ രണ്ടു ഷട്ടറുകളും തുറന്നിരുന്നു. പഹല്‍ഗാം ആക്രമണത്തിനുപിന്നാലെ സിന്ധുനദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഷട്ടറുകള്‍ തുറന്നുവിട്ടതെന്നും വാദമുണ്ട്.