തീരാ നോവായി നിഹാല്‍ നൗഷാദ്,  തലവരെ ദേഹമാസകലം നായകള്‍ കടിച്ചു കീറി ; പ്രതിഷേധത്തില്‍ നാട്
 


കണ്ണൂര്‍ :  പതിനൊന്നുകാരന്‍ നിഹാല്‍ നൗഷാദിനെ തെരുവുനായ ആക്രമിച്ച് കടിച്ചുകൊന്നതിന്റെ തീരാ നോവില്‍ തേങ്ങി കേരളം. ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാനെത്തിയപ്പോഴാണ് ഭിന്നശേഷിക്കാരനായ, സംസാരശേഷിയില്ലാത്ത കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി നിഹാല്‍ നൗഷാദിനെ ഒരു കൂട്ടം തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. വീട്ടില്‍ നിന്നും കാണാതായ കുട്ടിയെ  മണിക്കൂറുകളുടെ തെരച്ചിലിനൊടുവില്‍ ദേഹമാസകലം കടിയേറ്റ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ തല മുതല്‍ കാല്‍പ്പാദം വരെ നിരവധി മുറിവുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കഴുത്തിന് പുറകിലും ചെവിക്ക് പുറകിലും ഇടത് കണ്ണിന് താഴെയും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. 

ഓട്ടിസം ബാധിച്ച നിഹാലിനെ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് വീട്ടില്‍ നിന്നും കാണാതായത്. കുട്ടിക്ക് സംസാര ശേഷിയും ഉണ്ടായിരുന്നില്ല. നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ അരക്കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നും എട്ടരയോടെ ചലനമറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തി. അരക്ക് താഴെ മാംസം മുഴുവന്‍ നായ്ക്കള്‍ കടിച്ചെടുത്ത നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. രക്തം വാര്‍ന്നാണ് മരണമെന്നാണ് പ്രഥമിക നിഗമനം. സംസാര ശേഷിയില്ലാത്തതിനാല്‍ നായ ആക്രമിച്ചപ്പോള്‍ കുട്ടിക്ക് നിലവിളിക്കാനും കഴിഞ്ഞില്ല. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. മൃതദേഹം ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വിദേശത്തുള്ള  നൗഷാദ് മകന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. 

നിഹാലിന്റെ ദാരുണ മരണത്തിന്റെ വേദനയിലാണ്  കൂട്ടുകാരനായ അജുവദ് അടക്കമുള്ളവര്‍. എന്നും വീട്ടുകാരുടെ കണ്ണുവെട്ടിച്ചു റോഡില്‍ ഓടാറുള്ള നിഹാലിനെ വീട്ടില്‍ തിരികെയെത്തിച്ചിരുന്നത് കൂട്ടുകാരായിരുന്നു. 7 വയസുള്ള സല്‍മാന്‍ ഫാരിസ് എന്ന കുട്ടി പിന്നാലെ ഓടിയിരുന്നെങ്കിലും നിഹാലിനെ കാണാന്‍ കഴിയാതെ തിരിച്ചു വരികയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.  


പതിനൊന്നുകാരനെ തെരുവുനായ കടിച്ചുകൊന്ന മുഴപ്പിലങ്ങാട് കേട്ടിനകം മേഖലയില്‍ ഭീതിയോടെയാണ് നാട്ടുകാര്‍ കഴിയുന്നത്. നായ കടിക്കാന്‍ വന്നാല്‍ പ്രതിരോധിക്കാനായി വടികളുമായാണ് ആളുകള്‍ പുറത്തിറങ്ങുന്നത്. കുട്ടിയുടെ മരണവിവരം പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് സ്ഥലത്താകെ ഉയരുന്നത്. പ്രതിഷേധം ശക്തമായതോടെ ജില്ലാ പഞ്ചായത്ത് നായ്ക്കളെ പിടികൂടാനാരംഭിച്ചു. തെരുവ് നായ കുട്ടിയെ കടിച്ചു കൊന്ന ദാരുണ സംഭവത്തില്‍ കോടതി ഇടപെടണമെന്നാണ് കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുന്നോട്ട് വെക്കുന്ന ആവശ്യം. ജനങ്ങളുടെ ജീവനാണ് വില നല്‍കേണ്ടത്. അക്രമകാരികളായ തെരുവ് നായകളെ കൊല്ലാന്‍ അനുമതി വേണം.  ഇതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും  കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചിട്ടുണ്ട്


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media