തിരുവനന്തപുരം: സംസ്ഥാനത്ത് വാരിക്കോരി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്രാന്‍സ് സ്ത്രീകള്‍ അടക്കമുള്ള പാവപ്പെട്ട സ്ത്രീകള്‍ക്ക് സഹായം ലഭ്യമാവുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ ഏതെങ്കിലും സഹായം കിട്ടാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ സ്ത്രീ സുരക്ഷ പെന്‍ഷന്‍ നല്‍കുമെന്നും യുവാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതി വര്‍ഷം ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനം ഉള്ളവര്‍ക്കാണ് പ്രതിമാസം 1000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുക. ക്ഷേമ പെന്‍ഷന്‍ 400 രൂപ വര്‍ധിപ്പിച്ച് 2000 ആക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വാരിക്കോരിയുള്ള പ്രഖ്യാപനം.
കുടുംബ എഡിഎസുകള്‍ക്കുള്ള ഗ്രാന്റ് പ്രതിമാസം ആയിരം രൂപയാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഗഡു ഡിഎ കൂട്ടി. പെന്‍ഷന്‍കാര്‍ക്കും ആശ്വാസമുള്ളതാണ് പ്രഖ്യാപനം. നവംബര്‍ മാസം തന്നെ ഇത് വിതരണം ചെയ്യും. അംഗനവാടി വര്‍ക്കര്‍, ഹെല്പര്‍ എന്നിവര്‍ക്കുള്ള ഓണറേറിയം ആയിരം രൂപ കൂട്ടി. സാക്ഷരതാ പ്രേരക് മാരുടെ ഓണറേറിയവും ആശമാര്‍ക്ക് 1000 രൂപ കൂട്ടി പ്രതി മാസ ഓണറേറിയം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആയമാരുടെ പ്രതിമാസ വേതനം ആയിരം രൂപ കൂട്ടിയതായും നെല്ലിന്റ സംഭരണ വില 30 രൂപ ആക്കി വര്‍ധിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.