കൊച്ചി: കേരളത്തില്‍ മാറ്റം അനിവാര്യമാണെന്നും ഇത്തവണ എന്‍ഡിഎയ്ക്ക് അവസരം നല്‍കിയാല്‍ കേരളത്തിന് വികസനം ഉറപ്പാക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കൊച്ചിയിലെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കേരളത്തിന് മോദിയുടെ ഗ്യാരണ്ടിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തവണ എന്‍ഡിഎയ്ക്ക് അഞ്ചു വര്‍ഷം നിങ്ങളെ സേവിക്കാനുള്ള അവസരം നല്‍കണമെന്നും എല്‍ഡിഎഫ്-യുഡിഎഫ് അവിശുദ്ധ കൂട്ടുക്കെട്ടില്‍ നിന്ന് പുറത്തുകടക്കാന്‍ കേരളം ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു. അഴിമതി മാഫിയെയും ചുവപ്പുനാട മാഫിയെയും ഹര്‍ത്താല്‍ മാഫിയയെയും എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ തുടച്ചുനീക്കുമെന്നും മോദി പറഞ്ഞു.
ജയ് കേരളം, ജയ് വികസിത കേരളം എന്ന മുദ്രാവാക്യം മുഴക്കിയാണ് മോദി പ്രസംഗം ആരംഭിച്ചത്. യു ഡി എഫും എല്‍ഡിഎഫും രണ്ടല്ല ഒന്നാണ്. വികസിത കേരളം സൃഷ്ടിക്കാന്‍ എന്‍ഡിഎയ്ക്ക് മാത്രമേ കഴിയുകയുള്ളു. കേരളത്തിന്റെ സ്വപ്നത്തിനും പാരമ്പര്യത്തിനുമുള്ള അംഗീകാരമാണ് കേരളം എന്ന പേര്. തൃശൂര്‍ ജനതയും തിരുവനന്തപുരം ജനതയും എന്‍ഡിഎയെ വിശ്വാസത്തിലെടുത്തു. ഇനി മുഴുവന്‍ കേരളവും എന്‍ ഡി എ യെ വിശ്വാസത്തിലെടുക്കാന്‍ പോവുകയാണ്. എല്‍ഡിഎഫ്-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടില്‍ നിന്ന് പുറത്തുകടക്കാന്‍ കേരളം ആഗ്രഹിക്കുകയാണ്. അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും കേരളത്തിന് കിട്ടേണ്ട വികസനം ഉണ്ടായിട്ടില്ല. ഇതിന് കാരണം മാറി മാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫുമാണ്. എല്‍ഡിഎഫും യുഡിഎഫും കേരളത്തിലെ യുവാക്കളെ വഞ്ചിച്ചു. കോണ്‍ഗ്രസിന്റെ യുവാക്കള്‍ക്ക് ഡ്രോണ്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യ എവിടെ എത്തിയെന്നു പോലും അറിയില്ല. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യ വളരുന്നതിനെക്കുറിച്ച് അവര്‍ക്ക് അറിയില്ല. കേരളത്തില്‍ നിക്ഷേപങ്ങള്‍ കൂട്ടും. ഹര്‍ത്താല്‍ മാഫിയയെയും അഴിമതി മാഫിയയെയും ബിജെപി തുടച്ചു നീക്കും. എഐ സാങ്കേതിക വിദ്യയുടെ കേന്ദ്രമായി കേരളത്തെ മാറ്റും. മത്സ്യ തൊഴിലാളികള്‍ക്കും കിസാന്‍ ക്രഡിറ്റ് നല്‍കിയ സര്‍ക്കാരാണ് ബിജെപിയുടെ കേന്ദ്ര സര്‍ക്കാര്‍. മത്സ്യ തൊഴിലാളികള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ കേന്ദ്ര സര്‍ക്കാര്‍ നല്‍കി. മത്സ്യ തൊഴിലാളി മേഖല ശക്തിപ്പെടുത്താനുള്ള പരിഗണനയുടെ തെളിവാണ് വിഴിഞ്ഞം തുറമുഖം.
ലക്ഷക്കണക്കിന് ഭാരതീയര്‍ ഗള്‍ഫിലുണ്ടെന്നും അവരെ സുരക്ഷിതരാക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും മോദി പറഞ്ഞു. ഗള്‍ഫ് സംഘര്‍ഷത്തിലെ ഇന്ത്യക്കാരുടെ ആശങ്കകള്‍ക്കിടയിലും കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്. മോദിയെ വിമര്‍ശിച്ച് റീലുണ്ടാക്കാനുള്ള വ്യഗ്രതയിലാണ് കോണ്‍ഗ്രസ്. രാജ്യത്തെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങളെ കോണ്‍ഗ്രസും സി പി എമ്മും തകര്‍ക്കാന്‍ ശ്രമിക്കുന്നു. യുദ്ധ സമയത്ത് പോലും കോണ്‍ഗ്രസും ഇടതുപക്ഷവും അപവാദ പ്രചരണം നടത്തുകയാണ്. ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനവും മോദി പരാമര്‍ശിച്ചു.അഴിമതി നടത്തുന്നതിലും വികസനം തടയുന്നതിലും വ്യവസായം തകര്‍ക്കുന്നതിലും എല്‍ഡിഎഫും യുഡിഎഫും പങ്കാളികളാണെന്നും മോദി പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ട് മുന്നണികളും പങ്കാളികളാണെന്ന് മോദി വിമര്‍ശിച്ചു. യുഡിഎഫ് കാലത്ത് സോളാര്‍ അഴിമതിയായിരുന്നു ചര്‍ച്ചയെങ്കില്‍ എല്‍ഡിഎഫ് കാലത്ത് സിഎംആര്‍എല്‍ അഴിമതിയായിരുന്നു ചര്‍ച്ചയെന്നും മോദി പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എംഎംസി കോണ്‍ഗ്രസായി മാറിയിരിക്കുന്നു. മുസ്ലിം ലീഗ് മാവോ കോണ്‍ഗ്രസായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു.അധികാരം കിട്ടാന്‍ ജമാഅത്തെ ഇസ്ലാമിയുമായി വരെ കൂട്ടു ചേരുന്നുവെന്നും മോദി വിമര്‍ശിച്ചു.