മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിലെ 25 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്ന മുതിര്‍ന്ന നേതാവ് എം കെ മുനീറിന് ഇത്തവണ സീറ്റില്ല. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയ്ക്ക് പകരം മലപ്പുറത്ത് നിന്നാണ് ഇത്തവണ ജനവിധി തേടുക. വേങ്ങരയില്‍ കെ എം ഷാജി ആയിരിക്കും സ്ഥാനാര്‍ത്ഥി. കോഴിക്കോട് സൗത്തില്‍ ഫൈസല്‍ ബാബുവാണ് ലീഗ് സ്ഥാനാര്‍ത്ഥി. ഫാത്തിമ തെഹ്ലിയ പേരാമ്പ്രയില്‍ മത്സരിക്കും.
ജയന്തി രാജന്‍ കൂത്തുപറമ്പിലും റസാക്ക് മാസ്റ്റര്‍ കുന്നമംഗലത്തും മഞ്ചേരിയില്‍ റഹ്‌മത്തുള്ളയും മത്സരിക്കും. തിരൂരങ്ങാടിയില്‍ അബ്ദുറബ്ബിന്റെ അനിയന്‍ അന്‍വര്‍ നഹയാണ് കളത്തില്‍ ഇറങ്ങുക. തിരുവമ്പാടി വെച്ചുമാറില്ല. പൊതുസ്ഥാനാര്‍ത്ഥിയും ഇല്ല. സി കെ കാസിം മത്സരിക്കും. കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുള്ളയും മഞ്ചേശ്വരത്ത് എ കെ എം അഷറഫും കോട്ടക്കലില്‍ ആബിദ് ഹുസൈന്‍ തങ്ങളും മണ്ണാര്‍ക്കാട് എന്‍ ഷംസുദ്ദീനും കളമശ്ശേരിയില്‍ വി ഇ അബ്ദുല്‍ ഗഫൂറും മത്സരിക്കും. പുനലൂര്‍, ചേലക്കര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.