ഒടുങ്ങാത്ത വെയ്റ്റിങ് ലിസ്റ്റ്: 2025ല്‍ മുടങ്ങിയത് മൂന്ന് കോടി പേരുടെ യാത്ര
 


ദില്ലി: റെയില്‍വേയിലെ വെയ്റ്റിങ് ലിസ്റ്റ് സംവിധാനത്തില്‍ കുടുങ്ങി 2025-26ല്‍ മുടങ്ങിയത് 3.39 കോടി പേരുടെ യാത്രയെന്ന് റിപ്പോര്‍ട്ട്. വിവരാവകാശ മറുപടികളിലൂടെയാണ് ഇക്കാര്യം പുറത്തു വന്നത്. വെയിറ്റ്ലിസ്റ്റ് ചെയ്ത ടിക്കറ്റുകള്‍ സ്ഥിരീകരിക്കപ്പെടാത്തതിനാല്‍ അവ സ്വയമേവ റദ്ദാക്കപ്പെട്ടു.
ഇതില്‍ ഏറ്റവും കൂടുതല്‍ യാത്രാ നഷ്ടം സംഭവിക്കുന്നത് സ്ലീപ്പര്‍ ക്ലാസ്, 3എസി യാത്രക്കാര്‍ക്കാണ്. 'വെയിറ്റിംഗ് ലിസ്റ്റഡ്' എന്ന സംവിധാനം യഥാര്‍ത്ഥത്തില്‍ രാജ്യത്തെ ഗതാഗത സംവിധാനത്തിന്റെ സൗകര്യങ്ങളെ പരിമിതപ്പെടുത്തുകയാണെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. പണം നഷ്ടപ്പെടുത്തിയാണ് ആളുകള്‍ വെയ്റ്റിങ് ലിസ്റ്റ് സംവിധാനത്തില്‍ കാത്തിരിക്കുന്നത്. 2021 മുതല്‍ 2024 ജനുവരി വരെ സ്ഥിരീകരിക്കാത്ത വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ റദ്ദാക്കിയതിലൂടെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിച്ചത് ഏകദേശം 1,230 കോടി രൂപയുടെ വരുമാനമാണ്. ഇത്രയേറെ തുക മുടക്കിയാണ് ജനങ്ങള്‍ കാത്തിരിക്കുന്നതെന്ന് ചുരുക്കം. 


വരഷാവര്‍ഷം വെയ്റ്റിങ് ലിസ്റ്റ് കൂടിക്കൂടി വരികയാണ് ചെയ്യുന്നത്. 2022-23 ല്‍ 2.72 കോടി പേര്‍ക്കാണ് വെയ്റ്റിങ് ലിസ്റ്റില്‍ വെറുതെ കാത്തു കെട്ടിക്കിടക്കേണ്ടി വന്നത്. 2023-24 ല്‍ 2.96 കോടി പേര്‍ കാത്തിരുന്ന് വഷളായി. 2024-25 ല്‍ 3.27 കോടി പേര്‍ക്ക് വെറുതെ കാത്തിരിക്കേണ്ടി വന്നു. ഇപ്പോള്‍ 2025-26 ല്‍ 3.39 കോടി പേര്‍ക്ക് സമയവും പണവും നഷ്ടമായി. ഇതിലെല്ലാം ഏറ്റവും വലിയ ആഘാതം വരുന്നത് സാധാരണ യാത്രക്കാര്‍ക്കാണ്. സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകളില്‍ മാത്രം 1.68 കോടി യാത്രക്കാര്‍ക്ക് ഇങ്ങനെ കാത്തിരുന്നത് വെറുതെയായിട്ടുണ്ട്. 3എസി ടിക്കറ്റുകളില്‍ 74.55 ലക്ഷം യാത്രക്കാരെ ഈ പ്രശ്‌നം ബാധിച്ചു. പലര്‍ക്കും വെയ്റ്റിങ് ലിസ്റ്റില്‍ പെട്ടു കിടന്ന് വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകാന്‍ കഴിയാത്ത സാഹചര്യം അവര്‍ക്കുണ്ടായി. യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കുമ്പോഴും വെയ്റ്റിങ് ലിസ്റ്റില്‍ നിന്ന് പിന്‍വാങ്ങുമ്പോഴുമെല്ലാം ക്ലറിക്കല്‍ ചാര്‍ജുകളും മറ്റുമായി വന്‍ തുകയാണ് റെയില്‍വേ പിടിക്കുക.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media