തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സര്‍ക്കാര്‍. ധവളപത്രം മേശപ്പുറത്ത് വെച്ചതിന് പിന്നാലെ മുന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വിയോജിപ്പ് അറിയിച്ചു. പേടി ഇല്ലെന്ന് പറഞ്ഞ ബാലഗോപാല്‍, ധവളപത്രം മേശ പുറത്ത് വെച്ചിട്ട് എന്ത് വിയോജിപ്പ് അറിയിക്കാനെന്നും ചോദിച്ചു. സ്പീക്കറുടെ അനുവാദം കിട്ടിയതിന് ശേഷമാണ് ധവളപത്രം മേശപ്പുറത്ത് വച്ചതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.
ധവളപത്രം തയാറാക്കാന്‍ ഔദ്യോഗിക രേഖകള്‍ പുറത്ത് കൊടുത്തെന്നും അത് ക്രമവിരുദ്ധമാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. പുറത്ത് നിന്നുള്ളവരെ ധവള പത്രം തയാറാക്കാന്‍ ഏല്‍പ്പിച്ചത് ശരിയല്ല. ഇത് സര്‍ക്കാര്‍ പ്രവര്‍ത്തനത്തെ മൊത്തം തകിടം മറിക്കാനാകും. എജിക്ക് പോലും കൊടുക്കാത്ത കണക്ക് എങ്ങനെ പുറത്ത് കൊടുക്കും. അത് സത്യപ്രതിജ്ഞാവിരുദ്ധമാണെന്നും കെ എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു. രഹസ്യമായി കൈകാര്യം ചെയ്യേണ്ടതാണ്. വകുപ്പ് ഉദ്യോഗസ്ഥരെ വിശ്വാസത്തില്‍ എടുക്കണമായിരുന്നുവെന്ന് പറഞ്ഞ പ്രതിപക്ഷം, റൂളിംഗ് വേണമെന്നും ആവശ്യപ്പെട്ടു. അതേസമയം, പ്രതിപക്ഷത്തിന്റെ വിയോജന വാദങ്ങള്‍ മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളി. കെ എന്‍ ബാലഗോപാലിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ സാമ്പത്തിക ആരോഗ്യം എന്താണ് എന്നതാണ് രേഖ. ബജറ്റില്‍ പ്രഖ്യാപിക്കുന്ന കാര്യങ്ങളാണ് ഈ രേഖകള്‍. പരിശോധനയ്ക്ക് വിദഗ്ദരുടെ സഹായം തേടി. എന്നാല്‍, തയ്യാറാക്കിയത് ധനവകുപ്പ് തന്നെയാണ്. ഒരു രഹസ്യരേഖയും പുറത്ത് പോയിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മില്‍ സഭയില്‍ വാക്‌പോരുണ്ടായി. ധവളപത്രം തയാറാക്കിയതിനെ ചൊല്ലിയാണ് പോര്. ധവളപത്രം തയാറാക്കിയത് ധനവകുപ്പ് അല്ലെന്നും ഇത് പൊളിറ്റികള്‍ രേഖ ആണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിച്ചു. മുന്‍ ധവളപത്രങ്ങള്‍ പൊളിറ്റിക്കല്‍ ആയിരുന്നെന്ന മുഖ്യമന്ത്രിയുടെ വാദം വിചിത്രമാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവിന്റേത് രാഷ്ട്രീയ പ്രസ്താവന ആണെന്നായിരുന്നു മുഖ്യമന്ത്രി വിഡി സതീശന്റെ മറുപടി.