ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'തിരംഗ യാത്ര'യില് പങ്കെടുക്കാനിറങ്ങവെ ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത സി ജെ പി സ്ഥാപകന് അഭിജീത് ദീപ്കെയ്ക്ക് ജാമ്യം. കോടതിയില് ഹാജരാക്കിയ ദീപ്കെയെ കര്ശന ഉപാധികളോടെയാണ് ദില്ലി പൊലീസ് വിട്ടയച്ചത്. ഒരു വര്ഷത്തേക്ക് പൊതു സമാധാനത്തെ ബാധിക്കുന്ന ഒരു പ്രവര്ത്തിയിലും ഇടപെടാന് പാടില്ലെന്നുള്ള പീസ് ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം നല്കിയത്. കസ്റ്റഡിയിലെടുത്ത് 24 മണിക്കൂര് പിന്നിടുമ്പോഴാണ് ദീപ്കെയ്ക്ക് ജാമ്യം ലഭിച്ചത്. കൊണാട്ട് പ്ലേസ് സെന്ട്രല് പാര്ക്കിലെ പ്രതിഷേധത്തിനിറങ്ങിയ ദീപ്കെയെ ജണ്ടേവാലയിലെ സുഹൃത്തിന്റെ വീട്ടില് വച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില് തിരംഗ മാര്ച്ചില് പങ്കെടുക്കരുതെന്ന് കാട്ടി പൊലീസ് ദീപ്കെയ്ക്ക് നോട്ടീസ് നല്കിയിരുന്നു. കഴിഞ്ഞ പത്തിന് ജന്തര് മന്തര് മാര്ച്ചിനായി ദില്ലിയിലെത്തിയ ദീപ്കെയും ഒപ്പമുണ്ടായിരുന്ന സി ജെ പി നേതാക്കളായ സൗരവ് ദാസിനെയും അഷുതോഷ് റാങ്കയെയും വിമാനത്തില് വച്ച് അറസ്റ്റ് ചെയ്തതോടെ പ്രതിഷേധത്തില് പങ്കെടുക്കാന് കഴിഞ്ഞിരുന്നില്ല. കര്ശന ഉപാധികളോടെയാണ് അന്ന് കോടതി ദീപ്കെ അടക്കമുള്ളവര്ക്ക് ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ സംഭവങ്ങള്. അതേസമയം ഇന്നലെ ദീപ്കെയ്ക്കൊപ്പം കസ്റ്റഡിയിലായ ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന് (ഐസ) പ്രസിഡന്റ് നേഹാ ബോറയെ ഇന്ന് രാവിലെ വിട്ടയച്ചിരുന്നു.