തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സര്‍ക്കുലറില്‍ ബിജെപിയുടെ സീല്‍ പതിച്ച സംഭവത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ ബിജെപി. പഴി ബിജെപിയുടെ പുറത്ത് ചാരാന്‍ ശ്രമം നടക്കുന്നുണ്ട്. ഇതിന് പിന്നില്‍ ഗൂഢാലോചനയാണ്. കത്ത് അയച്ച ഉദ്യോഗസ്ഥന്‍ എന്‍ജിഓ യൂണിയന്‍ നേതാവാണ്. ഇയാള്‍ക്കെതിരെ ആണ് നടപടി എടുത്തത്. സിപിഎം കമ്മീഷന്‍ ഉദ്യോഗസ്ഥ ഡീല്‍ നടക്കുന്നതായും ബിജെപി ആരോപിച്ചു. ജയ്‌സല്‍ പി അസീസ് എന്ന ഉദ്യോഗസ്ഥന്‍ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ ബന്ധമുള്ളതിനാല്‍ ഡ്യൂട്ടിക്ക് നിയോഗിച്ചയാള്‍ ആണ്. തൊഴില്‍ മന്ത്രി മത്സരിക്കുന്ന നേമത്ത് അതേ വകുപ്പിലെ ലേബര്‍ ഓഫീസര്‍ റിട്ടേണിങ് ഓഫീസര്‍ ആയി എത്തുന്നു. ഇതൊന്നും കാണാനുള്ള കണ്ണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇല്ലേയെന്നും ബിജെപി വിമര്‍ശനം. വിഷയത്തില്‍ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മാറ്റണം എന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപിയുടെ സീല്‍ ഉദ്യോഗസ്ഥന് എവിടെ നിന്ന് കിട്ടിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി സീല്‍ പതിച്ച അപേക്ഷ മാത്രമല്ലല്ലോ നല്‍കുന്നതെന്നും അത് മാത്രം തിരഞ്ഞുപിടിച്ചു എങ്ങനെ അയക്കുന്നുവെന്നുമാണ് ബിജെപി ചോദ്യങ്ങള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിപിഎമിന്റെ ബി ടീം ആവുന്ന സ്ഥിതിയാണുള്ളതെന്നും എന്‍ജിഒ യൂണിയന്‍ സഖാക്കള്‍ കമ്മീഷന്‍ പ്രവര്‍ത്തനം അട്ടിമറിക്കുന്നുവെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് ആരോപിച്ചു.