വില കുറഞ്ഞ കൊവിഡ് മരുന്നുകളും പരിശോധനാ കിറ്റുകളുമായി റിലയന്‍സ്
കൊച്ചി: കൊവിഡ് മരുന്ന് നിര്‍മാണ് രംഗത്തേക്ക് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസും. നിലവിലെ വിപണി വിലയിലും കുറഞ്ഞ കൊവിഡ് മരുന്നുകളും വിലകുറഞ്ഞ ടെസ്റ്റിംഗ് കിറ്റുകളുമാണ് കമ്പനി വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത്. നിക്ലോസമൈഡ് എന്ന മരുന്ന് കൊവിഡിനെതിരെ ഉപയോഗിക്കാനാകുമെന്നാണ് കമ്പനിയുടെ വാദം. കൊവിഡ് അണുബാധ ശമിപ്പിക്കാന്‍ ഈ മരുന്നിന് കഴിയുമെന്നാണ് വിശദീകരണം.
ആര്‍-ഗ്രീന്‍, ആര്‍-ഗ്രീന്‍ പ്രോ എന്നിങ്ങനെ കമ്പനി നിര്‍മ്മിച്ച ഡയഗ്‌നോസ്റ്റിക് കിറ്റുകള്‍ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി ലഭിച്ചു. കൂടാതെ, വിപണി വിലയുടെ അഞ്ചിലൊന്ന് ചെലവില്‍ സാനിറ്റൈസര്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയും കമ്പനിക്കുണ്ട്.
രാജ്യത്തെ വെന്റിലേറ്റര്‍ ക്ഷാമം പരിഹരിക്കാനും കമ്പനി നടപടികള്‍ സ്വീകരിക്കും. ഇതിനായി 3ഡി സാങ്കേതിക വിദ്യ കമ്പനി ഉപയോഗിക്കും. ഇന്ത്യയിലെ ആശുപത്രികളിലുടനീളം വെന്റിലേറ്റര്‍ എത്തിക്കുകയാണ് ലക്ഷ്യം. മിനിറ്റില്‍ 5-7 ലിറ്റര്‍ ശേഷിയുള്ള മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍ ജനറേറ്ററുകളും റിലയന്‍സ് രൂപകല്‍പ്പന ചെയ്യുന്നുണ്ട്.
രാജ്യത്തുടനീളം സൗജന്യമായി മെഡിക്കല്‍ ഓക്‌സിജന്‍ കമ്പനി വിതരണം ചെയ്യുന്നുണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ മെഡിക്കല്‍-ഗ്രേഡ് ദ്രവീകൃത ഓക്‌സിജന്‍ ഉല്‍പാദനം കമ്പനി ഉയര്‍ത്തിയിരുന്നു.ഗുജറാത്തിലെ ജാംനഗറിലെ പെട്രോകെമിക്കല്‍ ഫാക്ടറിയിലാണ് ഓക്‌സിജന്‍ ഉത്പാദനം. ഇന്ത്യയുടെ മൊത്തം ഓക്‌സിജന്‍ ഉല്‍പാദനത്തിന്റെ 11 ശതമാനവും റിലയന്‍സ് ആണ് ഉത്പാദിപ്പിക്കുന്നത് .