അങ്കമാലി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച തന്നെ സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് വിചാരണക്കോടതിയെ അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ വിചാരണ പുനരാരംഭിക്കുമെന്നും താമസിപ്പിക്കാന്‍ സാധിക്കില്ലെന്നും കോടതി അറിയിച്ചു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം തുടരാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കേസില്‍ തുടരന്വേഷണം തുടങ്ങിയത്. ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് അധിക കുറ്റപത്രത്തില്‍ പ്രതിയാകുന്നത്. തെളിവ് നശിപ്പിയ്ക്കാന്‍ ശ്രമിച്ചുവെന്നതാണ് ശരതിനെതിരായ കുറ്റം. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുളള നീക്കവും അന്വേഷണസംഘം ഉപേക്ഷിച്ചിരുന്നു. കേസ് അട്ടിമറിക്കാന്‍ അഭിഭാഷകര്‍ ഇടപെട്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആരോപണം.
ഗൂഢാലോചനയ്ക്ക് തെളിവില്ലാത്തതിനാല്‍ നടി കാവ്യ മാധവന്‍ കേസില്‍ പ്രതിയാകില്ല. അതിജീവിതയായ നടിയും കാവ്യയും തമ്മിലുള്ള വ്യക്തിവിദ്വേഷമാണു കുറ്റകൃത്യത്തിനു വഴിയൊരുക്കിയതെന്നു കുറ്റപ്പെടുത്തുന്ന, ദിലീപിന്റെ സഹോദരീഭര്‍ത്താവ് ടി.എന്‍.സുരാജിന്റെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.
കേസിലെ എട്ടാം പ്രതിയായ ദിലീപ് സാക്ഷികള്‍ക്കു പുറമേ വിചാരണക്കോടതിയെതന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ഗുരുതരമായ വാദവും അതേ വിചാരണക്കോടതി മുന്‍പാകെ പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍ ഇതിനൊന്നും വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല.
ശരതിനെതിരായ അധിക കുറ്റപത്രം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. മജിസ്ട്രേറ്റ് കോടതി സെഷന്‍സ് കോടതിക്ക് കൈമാറും അതിനു ശേഷം വിചാരണക്കോടതിക്കും. വെള്ളിയാഴ്ച മൂന്നുമണിക്ക് കേസ് വീണ്ടും പരിഗണിക്കും. വിചാരണക്കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറികാര്‍ഡിന്റെ ഡിജിറ്റല്‍ ഘടന മാറിയത് ഉള്‍പ്പെടെ കേസ് അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ ക്രൈംബ്രാഞ്ച് തുടര്‍ന്നും അന്വഷിക്കും. കഴിഞ്ഞ ജനവരിയിലാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നത്.