സൈജു തങ്കച്ചന്‍ നടത്തിയ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ്
കൊച്ചി: കൊച്ചിയില്‍ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ പ്രതി ചേര്‍ത്ത് അന്വേഷണ സംഘം. പിടിയിലായ സൈജു തങ്കച്ചന്‍ നടത്തിയ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സൈജുവിനോപ്പം പാര്‍ട്ടിയില്‍ ലഹരി ഉപയോഗിച്ച 17 പേര്‍ക്കെതിരെയാണ് കേസ്. സൈജുവിന്റെ മൊബൈലില്‍ നിന്നും ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.
മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് സൈജുവിന്റെ സുഹൃത്ത് ഫെബി ജോണിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഫെബി ജോണിന്റെ സുഹൃത്തുക്കള്‍ക്കാണ് സൈജു പാര്‍ട്ടി ഒരുക്കിയത്.
മോഡലുകളുടെ മരണത്തില്‍ സൈജു തങ്കച്ചനെതിരെ 9 കേസുകള്‍ എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് ലഹരി പാര്‍ട്ടികളെപ്പറ്റി വിവരം കിട്ടിയത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് കിട്ടിയ ചിത്രങ്ങളും വീഡിയോകളും അടിസ്ഥാനമാക്കിയാണ് കേസെടുക്കുന്നത്. ലഹരി മരുന്ന് ഉപയോഗിച്ചതിനാണ് കേസെടുക്കുക. വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. തൃക്കാക്കര, ഇന്‍ഫോ പാര്‍ക്, മരട്, പനങ്ങാട്, ഫോര്‍ട്ടുകൊച്ചി, ഇടുക്കി വെള്ളത്തൂവല്‍ സ്റ്റേഷനുകളിലാകും കേസെടുക്കുക. കാട്ടുപോത്തിനെ വേട്ടയാടിയെന്ന കേസില്‍ വനം വകുപ്പും സൈജുവിനെതിരെ കേസെടുത്തേക്കും.