ഗവര്‍ണറുടെ കാറ് തടഞ്ഞ് കരിങ്കൊടി: തള്ളിപ്പറയാതെ മന്ത്രിമാര്‍; എസ്എഫ്‌ഐയെ അനുകൂലിച്ച് നിലപാട് 


കോട്ടയം : ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ ചാടിവീണ് കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്എഫ്‌ഐയെ തള്ളാതെ മന്ത്രി മുഹമ്മദ് റിയാസും മന്ത്രി രാജീവും. ഗവര്‍ണര്‍ക്കെതിരെയുളള എസ് എഫ് ഐ സമരവും മുഖ്യമന്ത്രിക്കെതിരെയുളള കെഎസ് യു പ്രതിഷേധവും ഒരെ തട്ടിലുളളതല്ലെന്നാണ് മന്ത്രി രാജീവിന്റെ പ്രതികരണം. കാമ്പസിലെ കാവിവല്‍ക്കരണത്തെ ചെറുക്കുകയാണ് എസ്എഫ്‌ഐ ചെയ്യുന്നതെന്ന് മന്ത്രി റിയാസും. 

ഗവര്‍ണര്‍ക്കെതിരെയുളള സമരവും മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവും ഒരേ തട്ടിലുളളതല്ല. എസ്എഫ്‌ഐയുടെ സമരം ഏതു തരത്തലുള്ളതാണെന്ന് റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ പറയാനാകൂവെന്നും മന്ത്രി രാജീവ് പറയുന്നു.ഗവര്‍ണര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമായിരുന്നു.  വാഹനത്തിന് പുറത്തിറങ്ങാന്‍ പാടുണ്ടൊ എന്നീ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഉത്തരവാദിത്തപ്പെട്ടവര്‍ പ്രവര്‍ത്തിക്കേണ്ടത്.ഗവര്‍ണറുടെ ഭാഗത്ത് നിന്നും ഇന്നലെ അതുണ്ടായില്ല.. വീഴ്ചയുണ്ടോ ഇല്ലയോ എന്നുള്ളത് റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ വ്യക്തമാകുകയുളളു. മുഖ്യമന്ത്രിക്കെതിരെയുള്ള സമരം നേരത്തെ പ്രഖ്യാപനം നല്‍കാതെ നടത്തുന്നതാണ്. കരിങ്കൊടി പ്രതിഷേധത്തിന് പ്രതിപക്ഷം ആഹ്വാനം ചെയ്തിട്ടുണ്ടോ? പ്രഖ്യാപിച്ചു നടത്തുന്ന സമരങ്ങള്‍ ജനാധിപത്യ രീതിയിലുള്ളതാണ്.പ്രഖ്യാപനം നടത്താതെ ഒളിഞ്ഞുനിന്നു ചാടുന്നതാണ് പ്രതിപക്ഷം നടത്തുന്നതെന്നും മന്ത്രി രാജീവ് കുറ്റപ്പെടുത്തി.  

അതേ സമയം, എസ്എഫ് ഐ യെ പിന്തുണച്ച മന്ത്രി മുഹമ്മദ് റിയാസ്, കാമ്പസിലെ കാവി വല്‍ക്കരണത്തെ ചെറുക്കുകയാണ്. എസ്എഫ് ഐ ചെയ്യുന്നതെന്നും എസ്.എഫ്.ഐക്ക് ഷേക്ക് ഹാന്‍ഡ് കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും പ്രതികരിച്ചു. സര്‍വകലാശാലകളില്‍ സംഘപരിവാര്‍വത്കരണത്തിന് എതിരെ എസ്എഫ്‌ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ഇന്നലെ തലസ്ഥാനത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പൊലീസ് സുരക്ഷയോടെയായിരുന്നു ഗവര്‍ണറുടെ യാത്ര. മൂന്നിടത്ത് ഗവര്‍ണ്ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായി. ആദ്യം പാളയത്ത് എസ്എഫ്‌ഐക്കാര്‍ ഗവര്‍ണ്ണറുടെ വാഹനത്തിലിടിച്ച് വരെ പ്രതിഷേധിച്ചു.

പിന്നെ ജനറല്‍ ആശുപത്രി പരിസരത്തും ഒടുവില്‍ പേട്ട പൊലീസ് സ്റ്റേഷന് സമീപവും പ്രതിഷേധക്കാര്‍ വാഹനത്തിന് നേരെ പാഞ്ഞടത്തു പ്രതിഷേധിച്ചു. ഇതോടെ വാഹനം നിര്‍ത്തി ഗവര്‍ണ്ണര്‍ കാറില്‍ നിന്ന് പുറത്തേക്കിറങ്ങി പ്രതിഷേധക്കാരുടെ അടുത്തേക്ക് നീങ്ങി.  പ്രതിഷേധക്കാര്‍ക്കും പൊലീസിനും മുഖ്യമന്ത്രിക്കുമെതിരെ ക്ഷുഭിതനായി ഗവര്‍ണ്ണര്‍ പ്രതികരിച്ചു. ഗവര്‍ണ്ണര്‍ കാറില്‍ നിന്നിറങ്ങിയതോടെ പ്രതിഷേധക്കാര്‍ ചിതറിയോടി. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media