റെക്കോര്‍ഡ് നേട്ടത്തില്‍ വിപണി ക്ലോസ് ചെയ്തു
എക്കാലത്തെയും റെക്കോഡ് വേഗത്തിലാണ് സെന്‍സെക്സ് 10,000 പോയന്റ് മുന്നേറ്റം നടത്തിയത്. വെള്ളിയാഴ്ച 60,000 പിന്നിട്ടതോടെ ചരിത്രനേട്ടമാണ് ബിഎസ്ഇ സെന്‍സെക്സ് സ്വന്തമാക്കിയത്. ഈ വര്‍ഷം ജനുവരി 21നാണ് സെന്‍സെക്സ് 50,000 തൊട്ടത്. 166 വ്യാപാരദിനംകൊണ്ടാണ് സൂചിക 50,000ത്തില്‍നിന്ന് 60,000ത്തിലേക്കെത്തിയത്.
ഇതിനുമുമ്പ് പതിനായിരം പോയന്റ് പിന്നിടാന്‍(40,000ത്തില്‍നിന്ന് 50,000ത്തിലേക്കെത്താന്‍) 415 വ്യാപാര ദിനങ്ങളാണ് വേണ്ടിവന്നത്. 2006 ഫെബ്രുവരി മുതല്‍ 2007 ഒക്ടോബര്‍വരെയുള്ള കാലയളവില്‍ 432 ട്രേഡിങ് സെഷനെടുത്താണ് 10,000ത്തില്‍നിന്ന് സൂചിക 20,000ത്തിലെത്തിയത്. ഇതിനുമുമ്പുള്ള സമാന മുന്നേറ്റങ്ങള്‍ക്കെല്ലാം 1000 ദിവസത്തില്‍ കൂടുതല്‍ എടുക്കുകയും ചെയ്തു.
ചെറുകിട നിക്ഷേപകരുടെ എക്കാലത്തുമുണ്ടായിട്ടില്ലാത്ത പങ്കാളിത്തവും വിപണിയിലേക്കുള്ള പണമൊഴുക്കും മികച്ച കോര്‍പറേറ്റ് പ്രവര്‍ത്തനഫലങ്ങളും ആഗോളകാരണങ്ങളൊക്കെയുമാണ് മുന്നേറ്റത്തിന് പിന്നില്‍.അതേസമയം, നിലവിലെ ഉയര്‍ന്നമൂല്യം വരുദിവസങ്ങളില്‍ ചാഞ്ചാട്ടവും തിരുത്തലുകളുമുണ്ടാക്കിയേക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.