കോവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ചാല്‍ 5,000 ദിര്‍ഹം പിഴ; നടപടി യുഎഇയില്‍
അബുദാബി: യുഎഇയില്‍ കോവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ചാല്‍ 5,000 ദിര്‍ഹം പിഴയെന്ന് പബ്ലിക് പ്രോസിക്യൂഷന്‍. അധികൃതര്‍ നിര്‍ദേശിച്ചിട്ടും പരിശോധനയ്ക്ക് തയാറായില്ലെങ്കില്‍ നടപടിയുണ്ടാകും. നിശ്ചിത ദിവസങ്ങളില്‍ കോവിഡ് നിര്‍ണയത്തിനു സാംപിള്‍ നല്‍കാതിരുന്നാലും പിഴ ചുമത്തുമെന്നു വ്യക്തമാക്കി.
കോവിഡ് പരിശോധനയ്ക്ക് ആവശ്യപ്പെട്ടിട്ടും രണ്ടാഴ്ചയ്ക്കകം സര്‍ക്കാര്‍ ലാബുകളില്‍ എത്തിയില്ലെങ്കില്‍ 1,000 ദിര്‍ഹമാണ് പിഴ. അധികൃതരുടെ അനുമതി കൂടാതെ കോവിഡ് പരിശോധന നടത്തുകയോ സാംപിളുകള്‍ ശേഖരിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് 20,000 ദിര്‍ഹം പിഴ ചുമത്തും.
നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ ഇരട്ടി പിഴ ചുമത്തി സ്ഥാപനം അടപ്പിക്കും. ആദ്യഘട്ടത്തില്‍ 3 മാസത്തേക്കാണ് അടപ്പിക്കുക. നിയമ ലംഘനത്തിന്റെ ഗൗരവം കണക്കിലെടുത്താകും തുടര്‍നടപടികള്‍.