ജിസാന്‍: സൗദിയുടെ പല ഭാഗങ്ങളിലും മഴ ശക്തമായി. കാറ്റിലും മഴയിലും ഒട്ടേറെ നാശനഷ്ടങ്ങളുണ്ടായതായി റിപോര്‍ട്ടുകളുണ്ട്. ജിസാനിലേയും അസീറിലേയും വിവിധ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴയുടെ പ്രത്യാഘാതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജിസാന്‍ യൂണിവേഴ്‌സിറ്റിയില്‍ വനിതാ കാത്തിരിപ്പ് മുറിയുടെ മേല്‍ക്കൂര ശക്തമായ മഴയില്‍ ഇടിഞ്ഞ് വീണു. മഴവെള്ളം സീലിങ്ങിലേയ്ക്ക് ഒഴുകിയതിനെത്തുടര്‍ന്ന് മുകള്‍ത്തട്ടിന്റെ ഒരു ഭാഗം തകര്‍ന്നു വീഴുകയായിരുന്നു. ഈ സമയത്ത് മുറിയുടെ മറ്റൊരു ഭാഗത്തായിരുന്നു വിദ്യാര്‍ഥിനികള്‍. അതിനാല്‍ ആളപായമൊന്നും ഉണ്ടായില്ല.
കൂടാതെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിട്ടും ക്ലാസ് നിര്‍ത്തിവെക്കാത്തതിലും അധികൃതര്‍ വിശദീകരണം തേടി. മേഖലയുടെ പല ഭാഗങ്ങളിലും കനത്ത കാറ്റും
മഴയുമാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടുകളില്‍ നിന്നും താഴ് വരകളില്‍ നിന്നും വിട്ട് നില്‍ക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
അസീര്‍ മേഖലയില്‍ അതി ശക്തമായ മഴയും മിന്നലും ഉണ്ടായി. കനത്ത മഴയെ തുടര്‍ന്ന് ജിസാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (വ്യാഴം) അവധി പ്രഖ്യാപിച്ചിരുന്നു. അടുത്ത ഞായറാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം. ശക്തമായ മഴയുടെയും ഇടിമിന്നലിന്റെയും ഫലമായി തോടുകളും ചതുപ്പുകളും രൂപപ്പെടാനുള്ള സാധ്യത ഉണ്ടെന്നും ജാഗ്രത പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. റിയാദില്‍ ശക്തമായ പൊടിക്കാറ്റിനും നേരിയ മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ട്. അഫീഫ്, ദവാദ്മി, അല്‍ ഖുവയ്യ അല്‍ റെയിന്‍, അല്‍ സുല്‍ഫി, അല്‍ മജ്മ' എന്നിവ ഉള്‍പ്പെടുന്ന റിയാദ് മേഖലയിലാണ് മുന്നറിയിപ്പ്. ശഖ്‌റ, താദിഖ്, ഹുറൈമില, റിമ, വാദി അല്‍ ദവാസിര്‍, അല്‍-സുലൈയില്‍ എന്നിവിടങ്ങളിലും മഴയും പൊടിക്കാറ്റുമുണ്ടാകും.