രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ധിച്ചു
രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ധിച്ചു. വ്യാഴാഴ്ച്ച പെട്രോളിന് 23 പൈസയും ഡീസലിന് 30 പൈസയും വീതമാണ് എണ്ണക്കമ്പനികള്‍ വില കൂട്ടിയത്. ഇതോടെ വാണിജ്യതലസ്ഥാനമായ മുംബൈയില്‍ 1 ലീറ്റര്‍ പെട്രോളിന് 100 രൂപ നല്‍കേണ്ട സ്ഥിതിയാണ്. ദില്ലിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് വില 93.68 രൂപ വില രേഖപ്പെടുത്തുന്നു. ഡീസലിന് വില 84.61 രൂപയും. മുംബൈയില്‍ പെട്രോള്‍ വില 99.94 രൂപ തൊട്ടു. ഡീസല്‍ വില 91.87 രൂപയും. ചെന്നൈയില്‍ പെട്രോളിന് 95.28 രൂപയും ഡീസലിന് 89.39 രൂപയുമാണ് നിരക്ക്. ഈ മാസം ഇതുവരെ 14 തവണയാണ് എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചത്. മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും ഇതിനോടകം പെട്രോള്‍ വില 100 രൂപ പിന്നിട്ടുകഴിഞ്ഞു. വൈകാതെ മുംബൈയും ഈ പട്ടികയില്‍ കയറിക്കൂടും. സംസ്ഥാനങ്ങള്‍ ചുമത്തുന്ന മൂല്യവര്‍ധിത നികുതിയെത്തുടര്‍ന്നാണ് പെട്രോള്‍, ഡീസല്‍ വില വിവിധ നഗരങ്ങളില്‍ വ്യത്യാസപ്പെടുന്നത്. നിലവില്‍ രാജസ്ഥാനും മധ്യപ്രദേശും മഹാരാഷ്ട്രയുമാണ് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന നികുതി ചുമത്തുന്ന സംസ്ഥാനങ്ങള്‍.