കുംഭമേളയില്‍ പങ്കെടുത്ത 30 സന്യാസിമാര്‍ക്ക് കൊവിഡ്; ചടങ്ങുകള്‍ വെട്ടിക്കുറയ്ക്കാന്‍ സംഘാടകര്‍
ദില്ലി:ഹരിദ്വാറിലെ കുഭമേളയില്‍ പങ്കെടുത്ത 30 സന്യാസിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഓള്‍ ഇന്ത്യ അഖാഡാ പരിഷത്ത് പ്രസിഡന്റ് മഹന്ദ് നരേന്ദ്ര ഗിരി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മഹന്ദ് നരേന്ദ്ര ഗിരിയെ ഋഷികേശിലെ എയിംസില്‍ പ്രവേശിപ്പിച്ചു.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ ആര്‍ടിപിസിആര്‍ പരിശോധന ഊര്‍ജിതമാക്കിയതായി ഹരിദ്വാര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. സന്യാസിമാര്‍ കൂടിയ ഇടങ്ങളിലേയ്ക്ക് മെഡിക്കല്‍ സംഘത്തെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു.
അതേസമയം, കൊവിഡ് പടര്‍ന്നുപിടിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് കുംഭമേള ചടങ്ങുകള്‍ വെട്ടിക്കുറയ്ക്കാന്‍ സംഘാടകര്‍ തീരുമാനിച്ചു. പതിമൂന്ന് പ്രധാന അഖാഡകളിലൊന്നായ നിരഞ്ജനി അഖാഡയാണ് ഏപ്രില്‍ 17 ന് മേള സമാപിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമനം എടുക്കുക അഖാഡ പരിഷത്താണ്.