ദില്ലി: ഖലിസ്ഥാന്‍ അനുകൂല വിഘടനവാദി നേതാവ് അമൃത്പാല്‍ സിങിനെ പിടികൂടാന്‍ സര്‍വ്വസന്നാഹങ്ങളുമായി ശ്രമം തുടര്‍ന്ന് പഞ്ചാബ് പൊലീസ്. അമൃത് പാല്‍ സിങ് അടക്കമുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്. ഇതുവരെ 78 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമൃത് പാല്‍ സിങ്ങിനു വേണ്ടി സാമ്പത്തികകാര്യങ്ങള്‍ നോക്കുന്ന ദല്‍ജീത് സിങ് കാല്‍സിയും കസ്റ്റഡിയിലായവരില്‍ ഉള്‍പ്പെടുന്നു. അമൃത്പാല്‍ സിങ്ങിന്റെ പിതാവിനെയും കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
ഏഴ് ജില്ലകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന, സംസ്ഥാന പൊലീസിന്റെ പ്രത്യേക സംഘം ജലന്ധറിലെ ഷാഹ്കോട്ട് തഹ്സിലിലേക്കുള്ള യാത്രയില്‍ അമൃത്പാല്‍ സിങ്ങിന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നിരുന്നു. എന്നാല്‍, ഇയാളെ പിടികൂടാനായില്ല. അമൃത്പാല്‍ മോട്ടോര്‍ സൈക്കിളില്‍ അമിതവേഗതയില്‍ പോകുന്നതാണ് അവസാനമായി കണ്ടതെന്നാണ് വിവരം. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് പഞ്ചാബിലെ വിവിധ ജില്ലകളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. അമൃത്പാലിന്റെ ജന്മനാടായ അമൃത്സറിലെ ജല്ലുപൂര്‍ ഖൈരയില്‍ പൊലീസിനെയും, അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്.
മതമൗലിക നേതാവ് ദീപ് സിദ്ധു റോഡ് അപകടത്തില്‍ മരിച്ചതിന് ശേഷമാണ് അമൃത്പാല്‍ വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ തലപ്പത്ത് എത്തിയത്. ആയുധധാരികളായ സംഘത്തിനൊപ്പം സഞ്ചരിക്കുന്ന അമൃത്പാലിന്റെ പല നടപടികളും വിവാദത്തിന് കാരണമായിരുന്നു. ഫെബ്രുവരി 23 ന് പഞ്ചാബില്‍ ഉണ്ടായ വന്‍ സംഘര്‍ഷവും ഇയാള്‍ ആസൂത്രണം ചെയ്തതെന്നാണ് ആരോപണം. ഒപ്പമുള്ള ലവ്പ്രീതി സിങിനെ അജ്‌നാന പൊലീസ് പിടികൂടിയ്‌പോള്‍ അമൃത്പാലിന്റെ അനുചരന്‍മാര്‍ ആയുധവുമായി സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയിരുന്നു. തട്ടിക്കൊണ്ട് പോകല്‍ അടക്കമുള്ള കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ നിലവില്‍ ഉണ്ട്.