കോഴിക്കോട്: ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തില്‍ പുതുക്കിയ പ്രതിപ്പട്ടിക നാളെ പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. ആരോ?ഗ്യപ്രവര്‍ത്തകരെ വിചാരണ ചെയ്യാന്‍ അനുമതിക്കായി അപേക്ഷ നല്‍കും. അനുമതി ലഭിച്ചതിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും.
നടപടികളുമായി മുന്നോട്ട് പോകാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പ്രോസിക്യൂട്ടറാണ് നിയമോപദേശം നല്‍കിയത്. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരമെടുത്ത കേസില്‍ നടപടി തുടരാമെന്നാണ് നിയമോപദേശം. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസിന് കടക്കാം. ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരുമാണ് കേസില്‍ പ്രതികള്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തുക. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍, ഈ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ബോര്‍ഡ് തള്ളിയിരുന്നു.
അതേസമയം, കേസില്‍ ഡോക്ടര്‍മാരെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ രംഗത്തെത്തി. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന് കാട്ടാന്‍ പൊലീസ് വ്യഗ്രത കാണിക്കുന്നു. ഇതിന് എന്ത് തെളിവാണ് പൊലീസിന്റെ കൈയിലുള്ളതെന്നാണ് കെജിഎംസിടിഎ ചോദിക്കുന്നത്. സാധാരണക്കാര്‍ക്ക് മെഡിക്കല്‍ കോളേജിനോടുള്ള ഭയം സൃഷ്ടിക്കാനേ ഇത് ഉപകരിക്കൂ എന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ ഡോക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനാവില്ലെന്നും നടപടിക്രമം പാലിക്കാതെ പൊലീസ് മുന്നോട്ട് പോയാല്‍ നോക്കിയിരിക്കില്ലെന്നും കെജിഎംസിടിഎ വക്താവ് ഡോ. ബിനോയ് എസ് പ്രതികരിച്ചു.