'കനകം കാമിനി കലഹം' ഒടിടി റിലീസിന്; ചിത്രം ഡിസ്‌നി പ്ലസ്, ഹോട്ട്‌സ്റ്റാറില്‍ പുറത്തിറങ്ങും
നിവിന്‍ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കനകം കാമിനി കലഹം' കഴിഞ്ഞ ദിവസം ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അക്കാര്യം ശരിവയ്ക്കുകയാണ് നിവിന്‍ പോളിയും അണിയറ പ്രവര്‍ത്തകരും.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ചിത്രം റിലീസ് ചെയ്യും. ഹോട്ട്സ്റ്റാറിലൂടെ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ കൂടിയാണ് കനകം കാമിനി കലഹം. ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളിയാണ് നിര്‍മാണം.
ഏറെ ശ്രദ്ധ നേടിയ 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25' എന്ന അരങ്ങേറ്റചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റേതായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രം കൂടിയാണിത്. അബ്‌സേഡ് ഹ്യൂമര്‍ പരീക്ഷിക്കുന്ന ചിത്രമാണിത്. വിനയ് ഫോര്‍ട്ട്, സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍, വിന്‍സി അലോഷ്യസ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. എഡിറ്റര്‍ മനോജ് കണ്ണോത്ത്. സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍. സംഗീതം യാക്‌സന്‍ ഗാരി പെരേര, നേഹ നായര്‍. ആര്‍ട്ട് അനീസ് നാടോടി. മേക്കപ്പ് ഷാബു പുല്‍പ്പള്ളി. വസ്ത്രാലങ്കാരം മെല്‍വി ജെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍. പരസ്യകല ഓള്‍ഡ് മങ്ക്‌സ്. അതേസമയം കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന 'ന്നാ താന്‍ കേസ് കൊട്', ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ രണ്ടാംഭാഗമായ 'Alien അളിയന്‍' എന്നിവയും രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.