സില്‍വര്‍ ലൈന്‍  കേരളത്തെ രണ്ടായി വിഭജിക്കും: ഇ.ശ്രീധരന്‍
 


പാലക്കാട്:സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി മെട്രോമാന്‍ ഇ.ശ്രീധരന്‍. കേരളത്തെ രണ്ടായി വിഭജിക്കുന്ന പദ്ധതിയാണ് സില്‍വര്‍ ലൈനെന്ന് ഇ.ശ്രീധരന്‍. പദ്ധതി വരുന്നതോടെ ട്രാക്കിന് ചുറ്റും വേലി കെട്ടേണ്ടി വരും. അത് ചൈനാ മതിലായി മാറുന്ന സാഹചര്യത്തിന് ഇടയാക്കും. സംസ്ഥാനത്ത് രൂക്ഷമായ കൊവിഡ് പ്രതിസന്ധിക്കിടെ ഇത്രയും വലിയ പദ്ധതി കൊണ്ടുവരുന്നത് ശരിയല്ലെന്നും മെട്രോമാന്‍ വ്യക്തമാക്കി. 

'സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുമെന്ന് പറയുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ റെയില്‍വേ കടന്നുപോകുന്ന പാതയില്‍ ഏറിയ പങ്കും നെല്‍വയലുകളും നീര്‍ത്തടങ്ങളുമാണ്. പദ്ധതി വന്നാല്‍ അത് ജലാശയങ്ങളുടെ സുഗമമായ ഒഴുക്കിന് തടസമാകും. മേല്‍പ്പാലങ്ങളിലൂടെയോ ഭൂഗര്‍ഭ പാതയിലൂടെയോ ഉള്ള പദ്ധതിയാണ് കേരളത്തിന് അഭികാമ്യം. ധാരാളം പാരിസ്ഥിതി ദുരന്തങ്ങള്‍ ഈ പദ്ധതി നടപ്പാക്കിയാലുണ്ടാകും.

പാരിസ്ഥിതികമായി സ്വീകാര്യമായ പദ്ധതിയാണ് ഇതെങ്കില്‍ അംഗീകരിക്കുമായിരുന്നു. പദ്ധതിയെ എതിര്‍ക്കാനുള്ള കാരണങ്ങളില്‍ മറ്റൊന്ന് എസ്റ്റിമേറ്റ് തുകയാണ്. അത് ഏത് തരത്തില്‍ കണക്കുകൂട്ടിയതാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. കേരളത്തിലെ സ്ഥിതി വെച്ച് അഞ്ചുകൊല്ലം കൊണ്ട് പണി തീര്‍ക്കാനാകില്ല. ഭൂമി ഏറ്റെടുക്കാന്‍വരെ 5 കൊല്ലം വേണം. അപ്പോള്‍ ആകെ കുറഞ്ഞത് 12 കൊല്ലമെങ്കിലും ആവശ്യമാണ്.

പദ്ധതിക്ക് നിശ്ചയിച്ച തുകയെക്കാള്‍ മൂന്നിരട്ടി കൂടുതലായി വേണ്ടിവരും. എങ്ങനെയെങ്കിലും ഭൂമി ഏറ്റെടുക്കുമെന്ന നിലപാടിലാണ് സര്‍ക്കാര്‍. പക്ഷേ എവിടെ, എങ്ങനെ എന്നൊന്നും വ്യക്തമല്ല. ഏത് പദ്ധതിവരികയാണെങ്കിലും അതിന്റെ വിശദാംശങ്ങള്‍ ആദ്യം ബോധ്യപ്പെടുത്തേണ്ടത് പൊതുജനങ്ങളെയാണ്.

ഗുരുവായൂര്‍-താനൂര്‍ റെയില്‍പ്പാതയ്ക്ക് അനുമതി ലഭിച്ച് 15 വര്‍ഷമായിട്ടും നടപ്പാക്കിയിട്ടില്ല. യുഡിഎഫ് കൊണ്ടുവന്ന ഹൈസ്പീഡ് റെയില്‍ പദ്ധതിയെ പിന്തുണച്ചിരുന്നു. അന്ന് കൊവിഡ് ഭീഷണിയില്ല. പദ്ധതിക്ക് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് ആരോപിക്കാന്‍ താന്‍ തയ്യാറല്ലെന്നും സ്ഥാപിത താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നീക്കമുണ്ടോ എന്നറിയില്ലെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media