മലപ്പുറം: എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കരാട്ടെ അധ്യാപകനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍. കരാട്ടെ അധ്യാപകന്‍ സിദ്ധീഖ് അലിയുടെ നിരന്തര പീഡനത്തിന് ഇരയായെന്നാണ് കരാട്ടെ ക്ലാസിലെ മുന്‍ വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തുന്നത്. പരിശീലനത്തിന്റെ ഭാഗമെന്ന് പറഞ്ഞ് അധ്യാപകന്‍ ദേഹത്ത് സ്പര്‍ശിക്കാറുണ്ടെന്ന് പെണ്‍കുട്ടി പറയുന്നു.
8 വയസ് മുതലുള്ള കുട്ടികളെയാണ് സ്ഥാപനത്തില്‍ വച്ച് ഉപദ്രവിക്കുന്നത്. പീഡനം അസഹനീയമായപ്പോള്‍ പരിശീലനം മതിയാക്കുകയും അധ്യാപകനെതിരെ പരാതി നല്‍കുകയും ചെയ്തുവെന്നും പെണ്‍കു പറയുന്നു. എന്നാല്‍ സിദ്ധീഖ് അലിയുടെ ഭീഷണിപ്പെടുത്തലിനെ തുടര്‍ന്ന് പരാതി പിന്നീട് പിന്‍വലിച്ചു. എടവണ്ണപ്പാറയില്‍ മരിച്ച കുട്ടിയെയും അവള്‍ നേരിട്ട ദുരനുഭവങ്ങളും തനിയ്ക്കറിയാമെന്നും സിദ്ധീഖ് അലി കൊല്ലാനും മടിക്കില്ലെന്നും പെണ്‍കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
17 വയസുകാരിയുടെ മൃതദേഹം ചാലിയാറില്‍ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ അധ്യാപകന്‍ സിദ്ധീഖ് അലി റിമാന്‍ഡിലാണ്. മഞ്ചേരി പോക്‌സോ കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. പെണ്‍കുട്ടിയെ കരാട്ടെ മാസ്റ്റര്‍ പീഡനത്തിന് ഇരയാക്കിയെന്ന കുടുംബത്തിന്റെ പരാതിയിലാണ് വാഴക്കാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കരാട്ടെ അധ്യാപകന്‍ സിദ്ദീഖലി നേരത്തെയും മറ്റൊരു പോക്‌സോ കേസില്‍ റിമാന്‍ഡിലായിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം 100 മീറ്റര്‍ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്.