ഒമാനിലെ വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി


മസ്‌ക്കറ്റ്: ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, റെസ്റ്റൊറന്റുകള്‍, കോഫി ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഒമാന്‍. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നിയമം ബാധകമാണ്. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കാതെ സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് കൊവിഡ് വ്യാപനം ഫലപ്രദമായി തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. തറസ്സുദ് പ്ലസ് മൊബൈല്‍ ആപ്പില്‍ ഓണ്‍ലൈനായി ലഭ്യമാവുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ കാണിക്കേണ്ടത്. ക്യുആര്‍ കോഡ് കൃത്യമായി വ്യക്തമാവുന്ന വിധത്തില്‍ എടുത്ത അതിന്റെ പ്രിന്റൗട്ടും കാണിച്ചാല്‍ മതിയാവും. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന സുപ്രിം കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. സപ്തംബര്‍ ഒന്നു മുതലാണ് പുതിയ നിയന്ത്രണം നിലവില്‍ വന്നത്. അതേസമയം, സെപ്തംബര്‍ 15 മുതല്‍ മാളുകളിലെ പ്രവേശനത്തിനും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അതിനിടെ, ഒമാന്‍ അന്താരാഷ്ട്ര അതിര്‍ത്തികള്‍ ഇന്നലെ മുതല്‍ തുറന്നു. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് ഇന്നലെ ഒമാനിലെത്തിയത്. കര അതിര്‍ത്തി വഴിയും നിരവധി പേര്‍ രാജ്യത്തെത്തി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാലു മാസത്തോളം അടച്ചിട്ട ശേഷമാണ് സപ്തംബര്‍ ഒന്നു മുതല്‍ ഒമാന്‍ അതിന്റെ അതിര്‍ത്തികള്‍ തുറന്നത്. പൂര്‍ണമായും വാക്സിന്‍ എടുക്കാത്തവരെ ക്വാറന്റൈന്‍ നിബന്ധന ഇല്ലാതെയാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്. അതേസമയം, ഒമാനില്‍ നിന്ന് ഒന്നാം ഡോസ് വാക്സിന്‍ എടുത്ത് നാട്ടിലേക്ക് പോയവര്‍ക്കും തീരെ വാക്സിന്‍ എടുക്കാത്തവര്‍ക്കും ഏഴു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിബന്ധനയില്‍ പ്രവേശനാനുമതി നല്‍കാന്‍ സുപ്രിം കമ്മിറ്റി തീരുമാനിച്ചു. അവര്‍ ക്വാറന്റൈന്‍ കഴിഞ്ഞ ഉടന്‍ തന്നെ രണ്ടാം ഡോസ് എടുക്കണമെന്ന നിബന്ധനയുമുണ്ട്. ഒമാനില്‍ നിന്ന് ഒരു ഡോസ് വാക്സിന്‍ എടുത്ത ശേഷം നാട്ടിലേക്ക് വന്ന് അതേ വാക്സിന്‍ എടുക്കാന്‍ കഴിയാതിരുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് അനുഗ്രഹമാവുന്ന തീരുമാനമാണിത്. ഇവര്‍ ഒമാനിലേക്ക് വരുന്നതിന് മുമ്പും വന്ന ഉടനെയും പിസിആര്‍ ടെസ്റ്റുകള്‍ നടത്തണമെന്നതാണ് മറ്റൊരു നിബന്ധന.

ഫൈസര്‍ ബയോണ്‍ടെക്ക്, ഓക്സ്ഫോഡ് ആസ്ട്രസെനക്ക, ആസ്ട്രസെനക്ക കൊവിഷീല്‍ഡ്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, സിനോവാക്, മൊഡേണ, സ്പുട്നിക് വി, സിനോഫാം എന്നീ എട്ട് വാക്സിനുകള്‍ക്ക് ഒമാനില്‍ അംഗീകാരമുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വാക്സിനുകള്‍ക്ക് അംഗീകാരം നല്‍കിയ രാജ്യം കൂടിയായണ് ഒമാന്‍. പ്രവാസികള്‍ക്കിടയില്‍ ഉള്‍പ്പെടെ രാജ്യത്ത് വാക്സിനേഷന്‍ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകായണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രവാസി തൊഴിലാളികള്‍ക്കിടയില്‍ വാക്സിനേഷന്റെ വേഗത കൂട്ടുന്നതിനായി ലേബര്‍ ക്യാംപുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക വാക്സിനേഷന്‍ ക്യാംപുകള്‍ സംഘടിപ്പിച്ചു വരുന്നതായും അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണാധീനമായതിനെ തുടര്‍ന്ന് വിവിധ മേഖലകളില്‍ നിയന്ത്രണങ്ങള്‍ നീക്കിത്തുടങ്ങി. അതിര്‍ത്തികള്‍ തുറക്കുകയും വ്യാപാര സ്ഥാപനങ്ങളില്‍ വാക്സിനെടുത്തവര്‍ക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തതോടൊപ്പം വിദേശികള്‍ക്ക് വിസ അനുവദിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു. നിലവില്‍ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം 50 ശതമാനമാണ്. അത് താമസിയാതെ 100 ശതമാനമാക്കി മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media