കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചി മറൈന്‍ഡ്രൈവില്‍ തുടക്കം. മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തിയതോടെ നാല് ദിവസം നീളുന്ന സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനം സിതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. കൊവിഡ് സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ സമ്മേളനം നടത്തുന്നത്. മൂന്നര പതിറ്റാണ്ടിന് ശേഷമാണ് എറണാകുളം ജില്ലയിലേക്ക് പാര്‍ട്ടി സമ്മേളനം വീണ്ടുമെത്തുന്നത്. സംസ്ഥാനത്ത് ആദ്യമായി തുടര്‍ഭരണം ലഭിച്ചതിന്റെ പകിട്ടോടെയാണ് ഇത്തവണ സംസ്ഥാന സമ്മേളനം. പ്രവര്‍ത്തന സംഘടനാ റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ സംസ്ഥാന ഭരണം സംബന്ധിച്ച പ്രത്യേക രേഖയും സമ്മേളനത്തില്‍ അവതരിപ്പിക്കും. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് നവകേരള രേഖ അവതരിപ്പിക്കുക.
തടസങ്ങള്‍ നീക്കി സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് സിപിഎം റിപ്പോര്‍ട്ട്. പദ്ധതിക്കെതിരെ പ്രചാരണം പെരുപ്പിച്ചുകാട്ടുന്നുവെന്നും വിമര്‍ശനമുണ്ട്. ന്യൂനപക്ഷ വര്‍ഗീയതയെ ശക്തമായി ചെറുക്കണം. സ്വത്വ രാഷ്ട്രീയം, ദളിത് പിന്നോക്ക വിഭാഗങ്ങളെ അകറ്റുന്നുവെന്നും ഇത് നേനേരിടണമെന്നും സമ്മേളന റിപ്പോര്‍ട്ടില്‍ പറയുന്നു. 75 വയസ് എന്ന പ്രായപരിധി കര്‍ശനമാക്കുമ്പോള്‍ വൈക്കം വിശ്വന്‍ ,ആനത്തലവട്ടം ആനന്ദന്‍,എംഎം മണി,ജി സുധാകരന്‍ അടക്കം പ്രമുഖര്‍ ഇത്തവണ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കപ്പെടും. മുഖ്യമന്ത്രിക്കും ജി സുധാകരനും ഇളവ് അനുവദിച്ചേക്കുമെന്നാണ് വിവരം. എന്നാല്‍ സംസ്ഥാന സമിതിയില്‍ തുടരാന്‍ ആഗ്രഹം ഇല്ലെന്നും തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ജി സുധാകരന്‍ സിപിഎം സംസ്ഥാന സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ട്. ഇക്കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. കത്ത് കൊടുത്ത വിവരം പുറത്ത് ആരോടും പറഞ്ഞിട്ടില്ലെന്നും തന്റെ ആവശ്യത്തില്‍ അന്തിമ തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നുമാണ് ജി സുധാകരന്‍ വിഷയത്തില്‍ പ്രതികരിച്ചത്.
ജി സുധാകരന് ഇളവു ലഭിക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് തുടരാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയുള്ള കത്ത് ജി സുധാകരന്‍ പാര്‍ട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും നല്‍കിയത്. എന്നാല്‍ ജി സുധാകരനെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കാന്‍ ആകില്ല എന്ന നിലപാടിലാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.