കോണ്‍ഗ്രസ് പറഞ്ഞവരെ പെരിയ കേസില്‍ സിബിഐ പ്രതി ചേര്‍ത്തു', കൊലപാതകം പാര്‍ട്ടി അറിഞ്ഞതല്ലെന്ന് സിപിഎം
കാസര്‍കോട് : പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലക്കേസില്‍ രാഷ്ട്രീയ മുതലെടുപ്പിന് സിബിഐ കൂട്ടുനിന്നുവെന്ന് സിപിഎം. കോണ്‍ഗ്രസ് പറഞ്ഞവരെ സിബിഐ പ്രതി ചേര്‍ത്തുവെന്ന് സിപിഎം കാസര്‍േകാഡ് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ ആരോപിച്ചു. കേസില്‍ സിപിഎമ്മിന് ഒന്നും ഒളിച്ചുവയ്ക്കാനില്ല. കൊലപാതകം പാര്‍ട്ടി അറിഞ്ഞതല്ല. പാര്‍ട്ടിയെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നത്. എന്നാല്‍ പാര്‍ട്ടി സഖാക്കളോ നേതാക്കന്മാരോ പ്രതികളായാല്‍ പാര്‍ട്ടി കയ്യുംകെട്ടി നില്‍ക്കില്ലെന്നും നിയമപരമായി കൂടെ നില്‍ക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി പ്രതികരിച്ചു.
പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ട കൊലക്കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനെ പ്രതി ചേര്‍ത്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉദുമ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമന്‍ സിബിഐ അന്വേഷിക്കുന്ന കേസില്‍ 21-ാം പ്രതിയാണ്. പ്രതികള്‍ക്ക് കുഞ്ഞിരാമന്‍ സഹായം നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍. കേസില്‍ പുതിയതായി 10 പേരെ കൂടിയാണ് സിബിഐ പ്രതിചേര്‍ത്തിരിക്കുന്നത്. എല്ലാവരെയും ഉടന്‍ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.