ജോയ് ആലുക്കാസ് ഐപിഒയ്ക്ക് തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്
മുംബൈ: കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് ഓഹരി വിപണിയിലേക്ക്. ഇതിന് മുന്നോടിയായി കമ്പനി പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ (ഐപിഒ) 400 മില്യണ്‍ ഡോളര്‍ ധനസമാഹരണം നടത്താന്‍ പദ്ധതിയിടുന്നതായാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ആദ്യപാദത്തില്‍ ജോയ് ആലുക്കാസ് ഐപിഒ ഉണ്ടായേക്കുമെന്ന് പ്രമുഖ മാധ്യമമായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു
കമ്പനി നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ ഡ്രാഫ്റ്റ് പ്രോസ്‌പെക്ടസ് ഫയല്‍ ചെയ്യാനാണ് പദ്ധതിയിടുന്നത്. 11 രാജ്യങ്ങളിലായി 130 ജ്വല്ലറി ഷോറൂമുകള്‍ കമ്പനിക്ക് പ്രവര്‍ത്തിപ്പിക്കുന്നു. ''ഫണ്ട് സ്വരൂപിക്കുന്നതിനുള്ള വിവിധ അവസരങ്ങള്‍ ഞങ്ങള്‍ പരിശോധിക്കുന്നു. ഞങ്ങള്‍ ഒന്നും അന്തിമമാക്കിയിട്ടില്ല,'' സിഇഒ ബേബി ജോര്‍ജ് പറഞ്ഞതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ത്യക്കാര്‍ സ്വര്‍ണ്ണത്തെ കേവലം ആഭരണം എന്നതിനേക്കാള്‍ ഒരു നിക്ഷേപമായിക്കൂടിയാണ് കരുതുന്നത്. അതിനാല്‍ വ്യവസായത്തിന് വന്‍ വളര്‍ച്ചയാണ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത്. കല്യാണ്‍ ജ്വല്ലേഴ്‌സ്, ടാറ്റ ഗ്രൂപ്പിന്റെ ടനിഷ്‌ക് തുടങ്ങിയവരാണ് വിപണിയിലെ കമ്പനിയുടെ പ്രധാന എതിരാളികള്‍.