കശ്മീരില്‍ വന്‍ നുഴഞ്ഞുകയറ്റ ശ്രമം; ഭീകരര്‍ക്കായി തിരച്ചില്‍ ; മൊബൈല്‍- ഇന്റര്‍നെറ്റ് റദ്ദാക്കി
കശ്മീര്‍ : ജമ്മു കശ്മീരില്‍ വന്‍ നുഴഞ്ഞു കയറ്റ ശ്രമം. അതിര്‍ത്തിയില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ നുഴഞ്ഞുകയറ്റ ശ്രമമാണിതെന്നും, ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷന്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു. പാക്കിസ്ഥാനില്‍ നിന്ന് ആറ് ഭീകരരുടെ സംഘം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായാണ് വിവരം.
ശനിയാഴ്ച വൈകിട്ടാണ് നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയില്‍ പെട്ടതെന്ന് സൈന്യം സൂചിപ്പിച്ചു. നുഴഞ്ഞുകയറ്റം തടയുന്നതിനിടെയുണ്ടായ വെടിവയ്പില്‍ ഒരു സൈനികനു പരുക്കേറ്റു. നുഴഞ്ഞുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഉറി സെക്ടറില്‍ ഇന്റര്‍നെറ്റ് സര്‍വീസും മൊബൈല്‍ സര്‍വീസും തിങ്കളാഴ്ച രാവിലെ മുതല്‍ റദ്ദാക്കിയിരിക്കുകയാണ്.
അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള നുഴഞ്ഞുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഫോണ്‍, ഇന്റര്‍നെറ്റ് സര്‍വീസ് റദ്ദാക്കുന്നത് ആദ്യമായാണ്. നിയന്ത്രണ രേഖയില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയ സൈന്യം നിരവധി ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ഭീകരര്‍ നുഴഞ്ഞുകയറാനായി തമ്പടിച്ചിരുന്ന കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.
ഫെബ്രുവരിയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കിയതിനു ശേഷം രണ്ടാം തവണയാണു ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത്. 19 സൈനികര്‍ വീരമൃത്യു വരിച്ച ഉറി ഭീകരാക്രമണത്തിന്റെ അഞ്ചാം വാര്‍ഷിക ദിനമായിരുന്നു ശനിയാഴ്ച. 2016 സെപ്റ്റംബര്‍ 18 നാണ് ചാവേറുകള്‍ ഉറി സൈനിക താവളത്തിനുനേരെ ഭീകരാക്രമണം നടത്തിയത്. നുഴഞ്ഞു കയറിയവരെ കണ്ടെത്തുന്നതിനുള്ള നീക്കം ഉറി സെക്ടറില്‍ 30 മണിക്കൂര്‍ പിന്നിട്ടും തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. കൂടുതല്‍ സൈന്യത്തെ ഉറി സെക്ടറിലേക്ക് എത്തിച്ചിട്ടുണ്ട്.