ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
ബജറ്റ് സമ്മേളനത്തില്‍ പുതിയ ഡിജിറ്റല്‍ കറന്‍സി ബില്‍ സര്‍ക്കാര്‍ അവതരിപ്പിക്കും. ബിറ്റ്‌കോയിന് പോലുള്ള ക്രിപ്‌റ്റോകറന്‍സികള്‍ക്ക് പകരം റിസര്‍വ് ബാങ്ക് ആവിഷ്‌കരിക്കുന്ന പുതിയ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി സംവിധാനത്തിന് കേന്ദ്രം നിയമാനുമതി നല്‍കും. ക്രിപ്‌റ്റോകറന്‍സികള്‍ വിലക്കുമെങ്കിലും ക്രിപ്‌റ്റോകറന്‍സി സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക ഇളവുകള്‍ ഡിജിറ്റല്‍ കറന്‍സി ബില്ലില്‍ ചേര്‍ക്കുമെന്നാണ് വിവരം.
കേന്ദ്രം നിയമിച്ച എസ്‌സി ഗാര്‍ജ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഡിജിറ്റല്‍ കറന്‍സി ബില്‍ തയ്യാറാക്കുന്നത്. രാജ്യത്ത് ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കണമെന്നും ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി സംവിധാനം ഏര്‍പ്പെടുത്തണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. നിലവില്‍ ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഇന്ത്യയില്‍ നിയമപരമായ ചട്ടക്കൂടില്ല. നാള്‍ക്കുനാള്‍ ബിറ്റ്‌കോയിന് മൂല്യം കുതിച്ചുയരുമ്പോള്‍ ബിറ്റ്‌കോയിനിലേക്ക് ആകൃഷ്ടരാവുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. രാജ്യത്ത് പ്രതിവര്‍ഷം 40,000 കോടി രൂപയുടെ ബിറ്റ്കോയിന്‍ ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന് അനൗദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നു. നിലവില്‍ സ്വര്‍ണത്തെയാണ് നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായി കരുതുന്നത്.