അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്കു പണമയക്കാൻ ഇനി ഗുഗിൾ പേയും.
അമേരിക്കൻ മൾട്ടിനാഷണൽ ടെക്‌നോളജി കമ്പനി വെസ്റ്റേൺ യൂണിയനെയും വൈസിനെയും പങ്കാളികളാക്കിക്കൊണ്ടാണ് ഈ ദൌത്യം ആരംഭിച്ചിട്ടുള്ളത്. രണ്ട് സ്ഥാപനങ്ങളും അവരുടെ സേവനങ്ങൾ ഗൂഗിൾ പേ പ്ലാറ്റ്ഫോമിലേക്ക് സംയോജിപ്പിച്ചിട്ടുണ്ട്. ആദ്യമായാണ് ഇത്തരത്തിൽ രാജ്യാന്തര തരത്തിൽ പേയ്മെന്റ് നടത്താൻ ഗുഗിൾ പേ സംവിധാനമൊരുക്കുന്നത്. ഗൂഗിൾ ബ്ലോഗ് പോസ്റ്റിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
വ്യക്തികൾക്ക് പണം അയയ്ക്കാൻ മാത്രമാണ് ഈ ഫീച്ചർ സഹായിക്കുക ബിസിനസ് ഉപയോക്താക്കൾക്ക് ഇത് ഗുണം ചെയ്യില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം ഉപയോക്താക്കളുടെ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിലൊന്നാണ് ഗൂഗിൾ പേ.
ഇന്ത്യയിലുള്ള സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ പണമയക്കുന്നവർ ഇതിനായി ആദ്യം ഗൂഗിൾ പേ ഉപയോക്താവിനെ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ശേഷം അവരുടെ കോണ്ടാക്ടിൽ ക്ലിക്ക് ചെയ്യണം. ഇതോടെ വെസ്റ്റേൺ യൂണിയൻ വഴിയാണോ വൈസ് വഴിയാണോ പണം അയയ്ക്കേണ്ടതെന്ന് ഓപ്ഷൻ ചോദിക്കും. ഇതാണ് പണമയക്കുന്നതിനുള്ള നടപടിക്രമങ്ങൾ. കുടാതെ ജൂൺ 16വരെ വെസ്റ്റേൺ യൂണിയൻ അൺലിമിറ്റഡ് ഫ്രീ പണമിടപാടുകൾ അനുവദിക്കുമെന്ന് ഗൂഗിൾ പേ ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ഉപയോക്താക്കൾക്ക് 500 ഡോളർ വരെയുള്ള ആദ്യ ഇടപാടുകളും സൌജന്യമായിരിക്കും.