മികച്ച താരം, ടോപ്പ് സ്‌കോറര്‍; ഇത് മെസിയുടെ കോപ്പ.
28 വര്‍ഷങ്ങള്‍ക്കു ശേഷം അര്‍ജന്റീന കോപ്പ അമേരിക്ക സ്വന്തമാക്കിയിരിക്കുകയാണ്. അതും ചിരവൈരികളായ ബ്രസീലിനെ, അവരുടെ നാട്ടില്‍, അവരുടെ അഭിമാനത്തിനു വിലയിടുന്ന മാരക്കാനയില്‍. ഫൈനല്‍ തൂക്കിനോക്കുമ്പോള്‍ അര്‍ജന്റീനയുടെ ജയത്തിനു പിന്നിലെ ചാലകശക്തികള്‍ ഡി മരിയയും എമി മാര്‍ട്ടിനസും ഡി പോളുമാണ്. എന്നാല്‍, ചിത്രത്തില്‍ നിന്ന് ഒരിക്കലും മായ്ച്ചുകളയാനാവാത്ത മറ്റൊരു പേരുണ്ട്. ലയണല്‍ ആന്ദ്രേസ് മെസി.
2016ല്‍ ഇതുപോലൊരു കോപ്പ ഫൈനലില്‍ പരാജയപ്പെട്ട്, കരഞ്ഞുതളര്‍ന്ന് വൈകാരികമായി വിരമിക്കല്‍ പ്രഖ്യാപിച്ച ഒരു ഭൂതകാലമുണ്ട് മെസിക്ക്. ആ വിരമിക്കലിന്റെ അതിവൈകാരികത പോലും പരിഗണിക്കാതെ അദ്ദേഹം പലതവണ ക്രൂരമായി പരിഹസിക്കപ്പെട്ടിട്ടുണ്ട്. 5 വര്‍ഷങ്ങള്‍ക്കിപ്പുറം അതേ മെസി കോപ്പ നേടി തല ഉയര്‍ത്തിനില്‍ക്കുമ്പോള്‍ തിരുത്തപ്പെടുന്നത് ചില റെക്കോര്‍ഡുകള്‍ കൂടിയാണ്.
അഞ്ച് തവണയാണ് മെസിയുടെ അളന്നുമുറിച്ച പാസുകള്‍ സഹതാരങ്ങളിലെത്തി അതില്‍ നിന്ന് ഗോളുകള്‍ പിറന്നത്. മുന്‍പ് ഒരു കോപ്പയിലും ഇത്രയധികം അസിസ്റ്റുകള്‍ നേടിയ ഒരു താരം ഉണ്ടായിട്ടില്ല. 4 വട്ടം മെസി തന്നെ എതിരാളികളുടെ ഗോള്‍ വലയം ഭേദിച്ചു. ഈ കണക്കില്‍ കൊളംബിയയുടെ ലൂയിസ് ദിയാസിനൊപ്പം ഒന്നാമതാണ് മെസി. ഈ കോപ്പയിലെ മികച്ച താരം മറ്റാരുമല്ല. ബ്രസീലിന്റെ നെയ്മര്‍ക്കൊപ്പമാണ് മെസി ഈ പുരസ്‌കാരം പങ്കിട്ടത്. ഒപ്പം ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരവും മെസിക്ക് തന്നെ.