മലയാള സിനിമ ലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ വേദനയിലാഴ്ത്തിയിരിക്കുകയാണ് പ്രിയ നടന്‍ ഇന്നസെന്റിന്റെ വിയോഗം. ന്യുമോണിയ ബാധിതനായി ചികിത്സയില്‍ ആയിരുന്ന അദ്ദേഹം ഇന്നലെ രാത്രി ആയിരുന്നു മരണത്തിന് കീഴടങ്ങിയത്. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ദിവസങ്ങളായി വെന്റിലേറ്ററില്‍ ആയിരുന്നു അദ്ദേഹം. എങ്കിലും ഇന്നസെന്റ് അല്ലേ, അദ്ദേഹം തിരിച്ചു വരുമെന്ന് തന്നെ ആയിരുന്നു എല്ലാവരും വിശ്വസിച്ചത്. മുന്‍പ് രണ്ടു തവണ അര്‍ബുദ രോഗം പിടിപ്പെട്ടപ്പോഴും വീണ്ടും ചിരിച്ചു കൊണ്ട് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് തിരിച്ചെത്തിയ നടനാണ് ഇന്നസെന്റ്. കാന്‍സറിനെ ചിരി കൊണ്ട് കീഴ്പ്പെടുത്തിയ അദ്ദേഹത്തിന്റെ മരണം കേരളത്തിനാകെ വലിയ വേദനയാണ്. താരങ്ങളടക്കം നിരവധി പേരാണ് പ്രിയപ്പെട്ട നടന്റെ വിയോഗത്തില്‍ അനുശോചന കുറിപ്പുമായി എത്തുന്നത്.
ഇന്നസെന്റിനൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുള്ള മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ കുറിപ്പും പ്രേക്ഷകര്‍ക്ക് വേദന സമ്മാനിക്കുന്നതാണ്.വിയറ്റ്‌നാം കോളനി, ദേവാസുരം, രാവണപ്രഭു എന്നിങ്ങനെ നിരവധി സിനിമകളിലാണ് മോഹന്‍ലാലും ഇന്നസെന്റും ഒന്നിച്ചെത്തിയത്. ഓരോ സിനിമകളിലും പ്രേക്ഷകര്‍ക്ക് ഓര്‍ത്തിരിക്കാനുള്ള നിരവധി മുഹൂര്‍ത്തങ്ങള്‍ ഇന്നസെന്റ് എന്ന മഹാനടന്‍ സമ്മാനിച്ചിട്ടുണ്ട്. ആ നിഷ്‌കളങ്ക ചിരിയുമായി എന്തിനും ഓടിവരാന്‍ എന്നും നിങ്ങള്‍ എനിക്കൊപ്പം ഉണ്ടാകും എന്ന് പറഞ്ഞാണ് മോഹന്‍ലാലിന്റെ കുറിപ്പ്.
'എന്താ പറയേണ്ടത് എന്റെ ഇന്നസെന്റ്... ആ പേരുപോലെ തന്നെ നിഷ്‌കളങ്കമായി ലോകത്തിന് മുഴുവന്‍ നിറഞ്ഞ ചിരിയും സ്‌നേഹവും സാന്ത്വനവും പകര്‍ന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേര്‍ത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേര്‍പാടിന്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കും എന്നറിയില്ല,' 'പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്‌കളങ്ക ചിരിയും സ്‌നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാന്‍ ഇനിയും നിങ്ങള്‍ ഇവിടെത്തന്നെ കാണും..' എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
ഒരാളെക്കുറിച്ചു പറയുമ്പോള്‍ അയാളെ എപ്പോഴാണ് ആദ്യം കണ്ടതെന്ന് ഓര്‍ക്കും. എന്നാല്‍ ഇന്നസന്റിനെ എപ്പോഴാണു കണ്ടതെന്ന് ഓര്‍മയില്ല. ചേട്ടന്‍ എന്നാണു വിളിച്ചിരുന്നത്. നമ്മുടെ ചേട്ടനെ എപ്പോഴാണ് കണ്ടതെന്ന് ഓര്‍ക്കാറില്ലല്ലോ എന്നായിരുന്നു മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ മോഹന്‍ലാല്‍ പറഞ്ഞത്. മിക്ക ദിവസവും വിളിക്കും. ആ വിളികളെല്ലാം അവസാനിക്കുന്നത് ചിരിയിലാണ്. മിക്കപ്പോഴും ഞാന്‍ നില്‍ക്കുന്ന സ്ഥലത്ത് ഉറക്കെ ചിരിക്കാനാകാത്ത അവസ്ഥ വരുമ്പോള്‍ ഫോണ്‍ വയ്ക്കാന്‍ പറയും. ഞങ്ങള്‍ പറയാറുണ്ട് ഒരു അപകടത്തില്‍ ചേട്ടന്റെ തലച്ചോറിലെ കുറെ ദ്രാവകം നഷ്ടമായി. അതുകൂടി ഉണ്ടായിരുന്നുവെങ്കില്‍ എന്തായിരുന്നു അവസ്ഥയെന്ന്. എന്റെ കുടുംബത്തിലെ ഓരോ കാര്യത്തിലും ഇന്നസന്റുണ്ടായിരുന്നു. വേദനകളുടെ കാലത്ത് അദ്ദേഹം ചേര്‍ത്തു പിടിച്ചു നിര്‍ത്തി. എന്നെ ഒരാളും അതുപോലെ ചേര്‍ത്തു നിര്‍ത്തിയിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.