ചെക്ക് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം;
മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ച് സുപ്രീം കോടതി
ചെക്ക് ബൗണ്‍സ് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി സുപ്രീം കോടതി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. രാജ്യത്തെ വിവിധ കോടതികളിലായി 35 ലക്ഷത്തിലധികം ചെക്ക് ബൗണ്‍സ് കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കാതെ കെട്ടികിടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ നീക്കം. ഒരേ ഇടപാടുമായി ബന്ധപ്പെട്ട് ഒരു വ്യക്തിക്കെതിരെ സമര്‍പ്പിക്കുന്ന കേസുകളിലെ വിചാരണകള്‍ ക്ലബ് ചെയ്യാന്‍ സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ചെക്ക് ബൗണ്‍സ് കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി വിചാരണക്കോടതികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ സുപ്രീം കോടതി രാജ്യത്തുടനീളമുള്ള എല്ലാ ഹൈക്കോടതികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചെക്ക് കേസുകളിലെ തെളിവുകള്‍ ഇപ്പോള്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിലൂടെ നല്‍കാമെന്നും സാക്ഷികളെ ശാരീരികമായി പരിശോധിക്കേണ്ട ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായുള്ള അഞ്ചംഗ ബെഞ്ച് പറഞ്ഞു. ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ബി ആര്‍ ഗവായി, എ എസ് ബോപണ്ണ, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്നതാണ് ബെഞ്ച്.
ഒരു വ്യക്തിയ്ക്കെതിരെ 12 മാസത്തിനുള്ളില്‍ സമര്‍പ്പിക്കുന്ന മുഴുവന്‍ ചെക്ക് ബൗണ്‍സ് കേസുകളും ഒരുമിപ്പിച്ച് ഏകീകൃത കേസായി വിചാരണ നടത്താന്‍ കഴിയുമെന്ന് ഉറപ്പാക്കണമെന്നും ഇതിനായി നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടില്‍ ഉചിതമായ ഭേദഗതികള്‍ വരുത്തണമെന്നും കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. അതേസമയം ചെക്ക് ബൗണ്‍സ് കേസുകളില്‍ വിചാരണ നേരിടാന്‍ വ്യക്തികളെ വിളിപ്പിക്കാനുള്ള തീരുമാനങ്ങള്‍ പുനപരിശോധിക്കാന്‍ വിചാരണ കോടതികള്‍ക്ക് അധികാരമില്ലെന്നെന്ന തീരുമാനം കോടതി ആവര്‍ത്തിച്ചു.
ഇത്തരം തീരുമാനങ്ങള്‍ ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ആര്‍ സി ചവാന്‍ അധ്യക്ഷനായ സമിതിയാണ് പരിഗണിക്കുകയെന്ന് സുപ്രീംകോടതി അറിയിച്ചു. രാജ്യത്തൊട്ടാകെയുള്ള ചെക്ക് ബൗണ്‍സ് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളില്‍ സമര്‍പ്പിക്കുന്നതിനായി സുപ്രീം കോടതി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.