കോഴിക്കോട്: പശുക്കളുടെ ആരോഗ്യം ഉറപ്പു വരുത്തി മികച്ച പാലുത്പാദനം ഉറപ്പാക്കാന്‍ 'കൗ കെയര്‍' എന്ന പുതിയ ഉത്പ്പന്നവുമായി മില്‍മ. മലബാര്‍ മില്‍മയുടെ സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷനാണ് (എം.ആര്‍.ഡിഎഫ്) കൗ കെയര്‍ പുറത്തിറക്കുന്നത്. എംആര്‍ഡിഎഫ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാനും എംആര്‍ഡിഎഫ് മാനേജിംഗ് ട്രസ്റ്റിയുമായ കെ.എസ്. മണി വിപണനോദ്ഘാടനം നിര്‍വഹിച്ചു. മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ കെ.സി.ജെയിംസ്, എം.ആര്‍.ഡി.എഫ് സിഇഒ ജോര്‍ജ്ജ് കുട്ടി ജേക്കബ് ക്ഷീര സംഘം പ്രസിഡന്റുമാര്‍, ക്ഷീര കര്‍ഷകര്‍, മില്‍മ -എംആര്‍ഡിഎഫ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പശുക്കളില്‍ കണ്ടു വരുന്ന ആമാശത്തിലെ ലക്ഷണ രഹിത അമ്ലത്വത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ കൗ കെയറിന്റെ ഉപയോഗം വഴി സാധിക്കും. ആമാശയത്തിലെ അമ്ലത്വം ദിവസങ്ങളോളം തുടര്‍ന്നാല്‍ ദഹനക്കേട്, കുളമ്പുകളുടെ ബലക്ഷയം, പ്രതിരോധശേഷിക്കുറവ്, തീറ്റ എടുക്കുന്നതിനുള്ള മടി എന്നീ അസുഖങ്ങളിലേക്ക് കന്നുകാലികളെ നയിക്കും. ഇതില്‍ നിന്നൊഴിവാക്കി കറവമാടുകളുടെ ആരോഗ്യം ഉറപ്പാക്കി പാലുത്പാദനം വര്‍ദ്ധിപ്പിക്കാന്‍ കൗ കെയറിന്റെ ഉപയോഗം വഴി സാധിക്കും.10 ലിറ്ററില്‍ കൂടുതല്‍ പാല്‍ ലഭിക്കുന്ന കറവമാടുകള്‍ക്ക് 25ഗ്രാം വീതം കൗ കെയര്‍ ദിവസം രണ്ടു നേരം തീറ്റയോടൊപ്പം ചേര്‍ത്തു നല്‍കണം.ക്ഷീര സംഘങ്ങള്‍ വഴിയും മില്‍മ പി ആന്റ് ഐ യൂണിറ്റുകള്‍, എംആര്‍ഡിഎഫ് ഓഫീസുകള്‍ വഴിയും കൗ കെയര്‍ ലഭ്യമാണ്.