ആശിഷ് മിശ്ര നാളെ സുപ്രീം കോടതിയില്‍ ഹാജരാകും;
ഹാജരായില്ലെങ്കില്‍ നിയമനടപടിയെന്ന് യു പി സര്‍ക്കാര്‍
ദില്ലി: ആശിഷ് മിശ്ര നാളെ സുപ്രീം കോടതിയില്‍ ഹാജരാകുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. നാളെ ഹാജരായില്ലെങ്കില്‍ നിയമനടപടിയെടുക്കുമെന്നും യു പി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കേസ് പരിഗണിക്കുന്നത് ഈ മാസം 20 ലേക്ക് മാറ്റി. കൂടാതെ കേന്ദ്ര മന്ത്രി അജയ് ശര്‍മ്മ ടെനിയുടെ വീടിന് മുന്നില്‍ യു പി പൊലീസ് നോട്ടീസ് പതിച്ചു. ആശിഷ് മിശ്രയോട് നാളെ കോടതിയില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. സുപ്രീം കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് നടപടി.
ലഖീംപൂര്‍ സംഘര്‍ഷം സംബന്ധിച്ച കേസില്‍ യുപി സര്‍ക്കാരിനെതിരെ സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കേസ് പൂജ അവധിക്ക് ശേഷം പരിഗണിക്കുമെന്നും, കേസില്‍ അതിന് മുമ്പ് ശക്തമായ നടപടി ഉണ്ടാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അതേസമയം, സംഭവത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച കേന്ദ്രമന്ത്രി അജയ് മിശ്ര, അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും കോടതിയില്‍ പറഞ്ഞു.
അതേസമയം ലഖീംപൂര്‍ ഖേരി ആക്രമണ സംഭവത്തില്‍ പ്രതികളെ വെറുതെ വിടില്ലെന്ന് യു പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അറിയിച്ചു. പ്രതികളെ സംരക്ഷിക്കാന്‍ പദവിക്കോ സമ്മര്‍ദത്തിനോ കഴിയില്ല. ലഖീംപൂരില്‍ നടന്നത് ദൗര്‍ഭാഗ്യകരമെന്നും കേശവ് പ്രസാദ് മൗര്യ പ്രതികരിച്ചു.