ബെഹ്‌റ പുറത്ത്; സിബിഐ ഡയറക്ടര്‍ ചുരുക്കപ്പട്ടികയായി
ദില്ലി: പുതിയ സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള ചുരുക്കപ്പട്ടിക തയ്യാറായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പട്ടിക മൂന്ന് പേരിലേക്ക് എത്തി. സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും അവസാന പട്ടികയില്‍ കേരള ഡിജിപി ലോക്നാഥ് ബെഹ്‌റയില്ല.
മഹാരാഷ്ട്ര ഡിജിപി സുബോദ് കുമാര്‍, എസ്എസ്ബി ഡയറക്ടര്‍ ജനറല്‍ കെ ആര്‍ ചന്ദ്ര, ആഭ്യന്തര സുരക്ഷ സ്‌പെഷല്‍ സെക്രട്ടറി വി എസ് കെ കൗമുദി എന്നിവരുടെ പേരുകളാണ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് ജസ്റ്റീസ് എന്‍ വി രമണ, കോണ്‍ഗ്രസ് ലോക്സഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള നിര്‍ണായക യോഗത്തില്‍ പങ്കെടുത്തു. അതേസമയം, ചുരുക്കപ്പട്ടിക തയ്യാറാക്കിയതില്‍ അധിര്‍ രഞ്ജന്‍ ചൗധരി വിയോജനക്കുറിപ്പ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
കൊവിഡ്-19 പ്രതിസന്ധിയില്‍ രാജ്യം തുടരുന്നതിനിടെ സിബിഐ ഡയറക്ടറെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ആര്‍ കെ ശുക്ല വിരമിച്ചത്. അഡീഷണല്‍ ഡയറക്ടര്‍ പ്രവീണം സിന്‍ഹയാണ് നിലവില്‍ ഡയറക്ടറുടെ ചുമതല വഹിക്കുന്നത്.