കല്‍പ്പറ്റ: അപകടസ്ഥലത്തു നിന്ന് കുറ്റമറ്റ പ്രാഥമിക ചികിത്സ നല്‍കി രോഗിയെ എങ്ങിനെ സുരക്ഷിതമായി ആശുപത്രിലെത്തിക്കാം. എംബിബിഎസ് വിദ്യാര്‍ത്ഥികള്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഈ വിഷയത്തില്‍ പരിജ്ഞാനം നല്‍കിയുള്ള പ്രീ ഹോസ്പിറ്റല്‍ ട്രോമാ മാനേജ്മെന്റ് വര്‍ക്ഷോപ്പ്, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ബേസിക് സ്‌കില്‍സ് വര്‍ക് ഷോപ്പ് എന്നിവ എമര്‍ജന്‍സ് 3.0ല്‍ നടന്നു. ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവ് 'എമര്‍ജന്‍സ് 3.0' മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജിലാണ് നടക്കുന്നത്.
അപകടത്തില്‍പ്പെട്ട് പരിക്കേറ്റവരെ സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാന്‍ പരിജ്ഞാനം പകര്‍ന്നു നല്‍കുകയാണ് പ്രീ ഹോസ്പിറ്റല്‍ ട്രോമാ മാനേജ്മെന്റ് വര്‍ക് ഷോപ്പ് ലക്ഷ്യമിടുന്നത്. വിദേശ രാജ്യങ്ങളില്‍ ഇതിനായി പ്രത്യേക സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ തന്നെയുണ്ട്. അപകടം നടന്നിടത്തു നിന്ന് ശരിയായ രീതിയില്‍ ആശുപത്രിയിലേക്ക് മാറ്റാത്തതിന്റെ അവസാനത്തെ ഇരയാണ് ഉമാ തോമസ് എംഎല്‍എ.
അപകടത്തില്‍ തലക്ക് പരിക്കേറ്റവര്‍, നട്ടെല്ലിന് ക്ഷതം സംഭവിച്ചവര്‍ എന്നിവരെ അപകട സ്ഥലത്തു നിന്ന് എങ്ങിനെ മാറ്റണമെന്ന പരിശീലനവും വര്‍ക് ഷോപ്പില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കു നല്‍കി. ബേസിക് സ്‌കില്‍സ് വര്‍ക് ഷോപ്പിന് കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി മെഡിസിന്‍ സ്പെഷലിസ്റ്റ് ഡോ. ദീപക്.ആര്‍, പ്രീ ഹോസ്പിറ്റല്‍ ട്രോമാ മാനേജ്മെന്റ് വര്‍ക് ഷോപ്പിന് ശ്രീ രാമചന്ദ്ര മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി വിഭാഗം തലവന്‍ ടി.വി. രാമകൃഷ്ണനും നേതൃത്വം നല്‍കി.