തൃശൂര്‍: അന്തരിച്ച പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ സംസ്‌കാരം എടപ്പാളില്‍ നടന്നു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങ്. എടപ്പാളിലെ വീട്ടിലും തൃശൂര്‍ ലളിതകലാ അക്കാദമിയിലും നടന്ന പൊതുദര്‍ശനത്തില്‍ സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
പുലര്‍ച്ചെ 12യോടെ മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വരയുടെ കുലപതി ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ അന്ത്യം. മൃതദേഹം ഉച്ചവരെ എടപ്പാളിലെ വീട്ടിലും പിന്നീട് തൃശൂര്‍ ലളിതകലാ അക്കാദമിയിലും പൊതു ദര്‍ശനത്തിന് വെച്ച ശേഷമായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. ലളിതകലാ അക്കാദമി ചെയര്‍മാനായും സര്‍ക്കാരിന്റെ പരമോന്നത ബഹുമതികള്‍ നേടിയും സാംസ്‌കാരികകേരളത്തിന്റെ മുഖമായി മാറിയ നമ്പൂതിരിക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് വിട നല്‍കിയത്.
മൂത്ത മകന്‍ പരമേശ്വരന്‍ ചിതയ്ക്ക് തീ കൊളുത്തി. ചിത്രകലയെ ജനകീയവല്‍ക്കരിച്ചവരില്‍ പ്രധാനിയായ നമ്പൂതിരിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ പ്രമുഖരെത്തി. പാണക്കാട് മുനവ്വറലി തങ്ങള്‍ നടന്‍ വികെ ശ്രീരാമന്‍ കവികളായ റഫീഖ് അഹമ്മദ്, ആലങ്കോട് ലിലാകൃഷ്ണന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു, മന്ത്രി കെ രാജന്‍, സാഹിത്യ അക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന്‍, ടിഎന്‍ പ്രതാപന്‍ എംപി എന്നിവര്‍ തൃശൂരില്‍ അന്ത്യാഭിവാദ്യമര്‍പ്പിച്ചു.
ഈ മാസം ഒന്നിനാണ് ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് നമ്പൂതിരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ധക്യകാല ആരോഗ്യ പ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് വരെയും ചിത്രകലാ രംഗത്ത് സജീവമായിരുന്നു അദ്ദേഹം. 3 തലമുറയിലെ എഴുത്തുകാര്‍ക്ക് വേണ്ടി കഥാപാത്രരൂപകല്പന ചെയ്തിട്ടുണ്ട് നമ്പൂതിരി. നമ്പൂതിരി നല്‍കിയ മുഖഛായയിലൂടെയാണ് പല കഥാപാത്രങ്ങളും മനസ്ലില്‍ പതിഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.